കർണാടകയിൽ ഹിജാബ് നിരോധനം ഇന്ന് പിൻവലിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടക(www.truenewsmalayalam.com) : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും മൈസൂരുവിൽ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വസ്ത്രവും ഭക്ഷണവും വ്യക്തിഗതമാണെന്നും താൻ എന്തിന് അത് തടസ്സപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു. വോട്ടിന് വേണ്ടി രാഷ്ട്രീയം കളിക്കരുത്. വസ്ത്രവും ഭക്ഷണവും വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്. ബി.ജെ.പി ‘സബ്‌കാ സാത്, സബ്‌കാ വികാസ്’എന്ന് പറയുകയും തൊപ്പിയും ബുർഖയും താടിയും ധരിച്ചവരെ മാറ്റിനിർത്തുകയുമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് വോട്ടിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് തന്റെ സർക്കാർ അധികാരത്തിൽ വന്നതെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും പറഞ്ഞു. 2022ൽ ബി.ജെ.പി ഭരണകാലത്താണ് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയത്.
മുസ്‍ലിം വിദ്യാർഥികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തീവ്ര ഹിന്ദു വിദ്യാർഥി സംഘടന പ്രവർത്തകർ കാവി സ്കാർഫ് ധരിച്ച് കോളജുകളിലേക്ക് മാർച്ച് നടത്തിയതോടെ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം പൊട്ടിപ്പുറപ്പെുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു.
Post a Comment