JHL

JHL

മൊഗ്രാലിൽ മഞ്ഞപ്പിത്തം പടരുന്നു; ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പ്രതിരോധ പ്രവർത്തനങ്ങളില്ലെന്ന് മൊഗ്രാൽ ദേശീയവേദി

 

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടൗണിലും, പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.

 പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകേണ്ട കുമ്പളയിലെ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

 മുൻകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ ഓടിയെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുമായിരുന്നു.

 ഇത്തരത്തിൽ സേവന മികവ് തെളിയിച്ച ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിച്ചതോടെയാണ് ആരോഗ്യവകുപ്പിന് കുമ്പളയിൽ നാഥനില്ലാത്ത അവസ്ഥ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

 പ്രായമായവർക്ക് പിടിപെടുന്ന മഞ്ഞപ്പിത്തം കരളിലേക്ക് കൂടി വ്യാപിക്കുന്നത് അവരുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്നു. അതുപോലെ കുട്ടികളിലെയും മഞ്ഞപ്പിത്തം വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.

 മൊഗ്രാലിൽ ഒരു മാസത്തിനിടെ പത്തോളം വീടുകളിൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിപ്പോൾ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്.

 ഇത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. വിഷയം ഗൗരവമുള്ളതിനാൽ സന്നദ്ധസംഘടനാ പ്രവർത്തകർ ആരോഗ്യ വകുപ്പ് അധികൃതരെ നിരന്തരം വിവരം അറിയിക്കുന്നുണ്ടെങ്കിലും, വലിയ രീതിയിലുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

 മഞ്ഞപ്പിത്തം പടരാനു ണ്ടായ കാരണങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും, ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും ജില്ലയിലെ ആരോഗ്യവകുപ്പിന്റെ സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


No comments