10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; അന്വേഷണം ഊർജ്ജിതമാക്കി
കാസർകോട്(www.truenewsmalayalam.com) : ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയായ പി എ സലീമിനെതിരെ മുമ്പും പോക്സോ കേസ്. 2022ൽ ബന്ധുവായ 14കാരിയെയാണ് ഇയാൾ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴിഞ്ഞ ബുധനാഴ്ച വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയൽവാസിയായ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇതിന് തൊട്ടു മുമ്പ് മറ്റൊരു മോഷണവും ഇയാൾ നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കേസിലും പ്രതി സലീം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാൾക്കായി അന്വേഷണ സംഘം കുടകിലേക്ക് തിരിച്ചിട്ടുണ്ട്.
വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് സലീം. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി.
പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. കുടകിലെ ബന്ധുവീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post a Comment