മണ്ണിനോട് ചേർന്ന് കസ്റ്റഡി വാഹനങ്ങൾ: ലേലം വിളിയിൽ തുടർനടപടികളില്ല, സർക്കാറിന് നഷ്ടം ലക്ഷങ്ങൾ
കുമ്പള(www.truenewsmalayalam.com) : കുമ്പളയടക്കം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പരിസരത്ത് കൂട്ടിയിട്ട് മണ്ണിനോട് ചേർന്ന് നശിക്കുന്നത് പതിനായിരക്കണക്കിന് കസ്റ്റഡി വാഹനങ്ങൾ. ലേലം വിളിയിൽ തുടർനടപടികളില്ലാത്തത് സർക്കാരിനാകട്ടെ ലക്ഷങ്ങളുടെ നഷ്ടവും.
കഴിഞ്ഞ രണ്ടുമൂന്ന് വർഷം ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകളെ തുടർന്ന് ജില്ലയിൽ ആയിരത്തിന് താഴെ വാഹനങ്ങളാണ് ലേലം ചെയ്തു വിറ്റത്. ഇതുവഴി സർക്കാർ ഖജനാവിലേക്ക് ലക്ഷങ്ങളാണ് ലഭിച്ചതും. എന്നാൽ ഇപ്പോൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്ത് തുരുമ്പിച്ചും,മണ്ണിനോട് ചേർന്നും പതിനായിരക്കണക്കിന് വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മണ്ണിനോട് ചേർന്ന വാഹനങ്ങൾ ആക്രിക്കച്ചവടക്കാർ പോലും എടുക്കാത്ത അവസ്ഥയിലായിട്ടുണ്ട്.
ലേല നടപടികളിൽ തുടർനടപടികൾ ഉണ്ടായിരുന്നുവെങ്കിൽ ഇതുവഴി സർക്കാർ ഖജനാവിലേക്ക് ലക്ഷങ്ങൾ ലഭിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വിവിധ കേസുകളിൽ പെട്ടതും, പിടിച്ചെടുത്തതുമായ വാഹനങ്ങൾ, അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ, അപകടത്തിൽപ്പെട്ട് പാടെ തകർന്ന വാഹനങ്ങൾ, ഉപേക്ഷിച്ചു പോയ വാഹനങ്ങൾ എന്നിങ്ങനെയാണ് പോലീസ് സ്റ്റേഷനുകളിലും, പരിസരത്തുമായി കുന്നു കൂടിക്കിടക്കുന്നത്.
ഇതിൽ ടിപ്പർ ലോറികൾ,കാറുകൾ, ഓട്ടോകൾ,ഇരുചക്ര വാഹനങ്ങളാണേറെയും.
പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങൾ ലേലം ചെയ്തു നീക്കംചെയ്യാൻ സംസ്ഥാനത്ത് ആദ്യമായി ഇ-ലേലം നടത്തിയത് കാസർഗോഡ് ജില്ലയിലാണ്.
2019ൽ അന്നത്തെ ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബുവിന്റെ ആശയത്തിലായിരുന്നു ലേല നടപടികൾ. ഇതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും കഴിയാതെ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ പോലും സർക്കാറിന് ലഭിക്കേണ്ട ലക്ഷങ്ങൾ തുടർനടപടികളിലെ അമാന്തം മൂലം നഷ്ടപ്പെട്ടുപോകുന്നു.
കാലവർഷമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്താൻ ഇത്തരത്തിൽ കസ്റ്റഡി വാഹനങ്ങളുടെ ലേല നടപടികൾ തുടരണമെന്നാണ് നാ ട്ടുകാർ പറയുന്നത്.
കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങളുടെ "ശ്മശാനം'' ഇഴജന്തുക്കളുടെ താവളമായി മാറുന്നത് തൊട്ടടുത്ത കുമ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നതായും പരാതിയുണ്ട്.
Post a Comment