JHL

JHL

വൊർക്കാടിയിൽ തട്ടുകട നടത്തിയിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

മഞ്ചേശ്വരം : യുവാവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. വൊർക്കാടിയിൽ തട്ടുകട നടത്തിയിരുന്ന കർണാടക കന്യാന സ്വദേശി അഷ്‌റഫ് (41) രണ്ടാഴ്ച മുൻപാണ് വീട്ടിൽ മരിച്ചത്.

പതിവുപോലെ കടയടച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ അഷ്‌റഫിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സഹോദരൻ ഇബ്രാഹിം പുണെയിലായിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി കബറടക്കി.

 എന്നാൽ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് സഹോദരൻ പോലീസിനെ സമീപിച്ചത്.

ബണ്ട്വാൾ താലൂക്കിലെ കന്യാന ബണ്ടിത്തട്ക്ക ജുമാമസ്ജിദ് വളപ്പിൽ കബറടക്കിയ മൃതദേഹം മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരള, കർണാടക പോലീസ് ഉദ്യോഗസ്ഥരുടെയും ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പുറത്തെടുക്കുകയായിരുന്നു.

മഞ്ചേശ്വരം ഇൻസ്പെക്ടർ കെ.രാജീവ്‌കുമാർ, എ.എസ്.ഐ. കെ.എം.മധുസൂദനൻ, ധനേഷ്, മഹേഷ്, പ്രശാന്ത്, ഷുക്കൂർ, അനൂപ്, യേനപ്പോയ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം തലവൻ കിഷോർ കുമാർ, സയന്റിഫിക് ഓഫീസർ ഹരികൃഷ്ണൻ, ബണ്ട്വാൾ തഹസിൽദാർ ഡി.അർച്ചന ഭട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.





No comments