JHL

JHL

മദേഴ്‌സ് ഡേ; വാർധക്യത്തിലും സമ്മാനങ്ങൾ വാരികൂട്ടി കുടുംബശ്രീ പ്രവർത്തക കെപി ഏലിയാമ്മ

കുമ്പള(www.truenewsmalayalam.com) :  കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്ന് കുമ്പള വന്ന് ഏലിയാമ്മ കെപി രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഇപ്പോൾ വയസ്സ് 72, ഈ വാർദ്ധക്യത്തിലും കരുത്തോടെ കുമ്പളയിൽ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മസേന എന്നിവയിൽ പ്രവർത്തിച്ചു വരുന്നു. 

ഈ പ്രായത്തിനിടക്ക് ഏലിയാമ്മ ചെയ്യാത്ത ജോലികളില്ല, ഹരിത കർമ്മ സേനയുടെ ജോലിക്കിടെ ഈ അടുത്ത് ഏലിയാമ്മയ്ക്ക് നായയുടെ കടി ഏറ്റിരുന്നു അത് ഏലിയാമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു.

 ഏത് ജോലിയും ഏറ്റെടുത്ത് ചെയ്യാനുള്ള കരുത്തുണ്ട് ഏലിയാമ്മയുടെ കൈകൾക്ക്. തന്റെ പ്രായത്തിലുള്ള പലരും വാർദ്ധക്യത്തിന്റെ അവശത പേറി ജീവിതം തള്ളിനീക്കുമ്പോൾ ഇപ്പോഴും കഠിനാധ്വാനം ചെയ്തു തളരാതെ, കരുത്തോടെ ജീവിതത്തെ നേരിട്ട് മുന്നോട്ട് തന്നെയാണ് ഈ മദേഴ്‌സ് ഡേയിലും ഏലിയാമ്മ.

കഴിഞ ദിവസം കുമ്പള ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 26 വാർഷികാഘോഷത്തിൽ ഏലിയാമ്മ അവതരിപ്പിച്ച പാട്ടും, ഡാൻസുമൊക്കെ ശ്രദ്ധേയമായിരുന്നു. 

മലയാള പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ലളിതഗാനം, ഫാൻസി ഡ്രസ്സ്, ഫോക്ക് ഡാൻസ്, കവിതാ രചന എന്നിവയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.

  ജോലിത്തിരക്കിനിടയിലും "പ്രായമായില്ലേ നിർത്തിക്കൂടെ ''എന്ന് ചോദിച്ചാൽ ജീവിതത്തില്‍ റിട്ടയർമെന്റ് എന്നൊന്നില്ലെന്ന് ഏലിയാമ്മ പറയും.സർക്കാർ സ്ഥലവും, കുമ്പള ഗ്രാമപഞ്ചായത്ത് ഭാവന നിർമ്മാണത്തിന് ഫണ്ടും അനുവദിച്ചത് കൊണ്ട് പേരാൽ പൊട്ടോരിയിൽ വീടുകെട്ടി പകുതി വഴിയിലാണ്. 

പൂർത്തീകരണത്തിന് കയ്യിൽ ചില്ലി കാശില്ലെന്ന് ഏലിയാമ്മ പറയുന്നു. ഭർത്താവും മകനുമൊക്കെ എറണാകുളത്ത് തന്നെയാണ് താമസം. ഏലിയാമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെ കുറവാണ്. ഇരുട്ടിന്റെ വെളിച്ചത്തിൽ 72)ആം വയസ്സിലും താൻ ഓടുകയാണെന്ന് ഏലിയാമ്മ പറയുന്നു.

 കുമ്പള കോയിപ്പാടി റോഡിലെ കെവിഎസ് കോമ്പൗണ്ടിലെ വാടക കെട്ടിടത്തിലാണ് കഴിഞ്ഞ 20 വർഷമായി ഏലിയാമ്മയുടെ താമസം. എറണാകുളം എഴുപുന്നം നീണ്ടകര സ്വദേശി സിപി ജോൺ ആണ് ഭർത്താവ്. അഡ്വ:ജോൺ ദിദിമോസ് ഏക മകൻ.

No comments