JHL

JHL

വിഷ ജലമൊരുക്കി പെരിയാറിൽ മത്സ്യക്കുരുതി:ഇവിടെ മനുഷ്യരെ കൊല്ലും വിഷം ചേർത്ത പഴകിയ മത്സ്യ വില്പന, പരിശോധനയില്ല.

കാസറഗോഡ്. വിഷ ജലം ഒഴുക്കിയതിനെ തുടർന്ന് പെരിയാറും, പരിസര ജലാ ശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയെങ്കിൽ  ഇവിടെ കാസറഗോഡ് വിഷം ചേർത്ത പഴകിയതും, അഴകിയതുമായ മത്സ്യ വില്പനയുടെ കൊയ്‌ത്ത്.ജില്ലയിൽ മത്സ്യമാർകറ്റുകളിലും, പാതയോരത്തും, ഗ്രാമീണ മേഖലകളിലുമെല്ലാം  പഴകിയ മീൻ കച്ചവടമാണ് പൊടിപൊടിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്ന് മീൻ ലഭിക്കാത്തതാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ  മത്സ്യങ്ങൾക്ക് കൊയ്ത്താവുന്നത്.

 വില്പനയ്ക്ക് വച്ചിരിക്കുന്ന മീൻ കണ്ടാൽ തന്നെ അഴകിയ മത്സ്യമാണെന്ന് തിരിച്ചറിയാൻ കഴിയും. എന്നാൽ ഇതിനെ മത്സ്യം കേടു വരാതിരിക്കാനുള്ള  മനുഷ്യശരീരത്തിന് ഹാനികരമായ ഫോർമാലിൻ,അമോണിയതുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്താണ് വിൽപ്പന നടത്തുന്നത്. ഫോർമാലിനാകട്ടെ മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള രാസ പഥാർത്ഥമായാണ് അറിയപ്പെടുന്നത്. നേരത്തെ ട്രോളിംഗ് നിരോധന സമയത്തായിരുന്നു ഇത്തരത്തിൽ അന്യസംസ്ഥാനത്തുനിന്ന് വരുന്ന പഴയ മത്സ്യങ്ങളുടെ വിൽപ്പനയെങ്കിൽ കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കടലിലെ മത്സ്യക്ഷാമം മുതലെടുത്താണ് പഴകിയ മത്സ്യങ്ങളുടെ വില്പന.

 മുൻകാലങ്ങളിൽ അഴകിയതും, ചീഞ്ഞതുമായ മത്സ്യ വില്പന ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കുകയും, പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടപടികളില്ലാത്തത് മുതലെടുക്കുകയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പഴകിയ മത്സ്യ വില്പന തൊഴിലാളികൾ. തമിഴ്നാട്,കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പഴകിയ മത്സ്യങ്ങൾ കൊണ്ടുവരുന്നത്. ഇവിടങ്ങളിൽ അശാസ്ത്രീയമായി സംഭരിക്കുന്ന മത്സ്യങ്ങളാണ് മാസങ്ങൾക്കും, വർഷങ്ങൾക്കുശേഷം മത്സ്യക്ഷാമം നേരിടുന്ന സന്ദർഭങ്ങളിൽ കേരള സംസ്ഥാനത്തെത്തുന്നത്. ഇത് വാങ്ങി കാശുണ്ടാക്കാൻ എല്ലായിടത്തും ഇടനിലക്കാരും, കച്ചവടക്കാരുമുണ്ട്.

 ചെറുതും വലുതുമായ അയല,ചൂര,മാന്തൾ ഞണ്ട്, കൂന്തൽ ചെമ്മീൻ തുടങ്ങിയ മീനുകളാണ് രാസപദാർത്ഥങ്ങൾ  ചേർത്ത് ജില്ലയിലെത്തുന്നത്. രാസപദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങൾ അറിയാതെയാണ് മത്സ്യ വില്പനക്കാർ  ഇത് വിറ്റഴിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലിയ രോഗത്തിന് അടിമയാക്കുമെന്ന തിരിച്ചറിവ് ഉപഭോക്താക്കൾക്കും തൊഴിലാളികൾക്കുമി ല്ല. മത്സ്യ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



No comments