കുമ്പള സ്കൂൾ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു; പരാതിയുമായി വ്യാപാരികൾ
കുമ്പള(www.truenewsmalayalam.com) : കുമ്പള സ്കൂൾ റോഡിൽ തലങ്ങും, വിലങ്ങും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗത തടസ്സം നേരിടുന്നതായി പരാതി.
കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ റോഡിൽ ഓവുച്ചാലിന് സംരക്ഷണ ഭിത്തിയും, കോൺഗ്രീറ്റ് മൂടിയും സ്ഥാപിച്ചിരുന്നു. ഇത് ഉയരം കൂട്ടി നിർമ്മിച്ചത് മൂലം ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് റോഡിൽ തന്നെയായി.പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങളാകട്ടെ ഒതുക്കി ഇടുന്നുമില്ല. ഇത് ഗതാഗത തടസ്സത്തിന് കാരണമാവുന്നു.
വ്യാപാരികളും, ജോലിക്കാർക്കും പുറമെ മംഗളുരു, കാസറഗോഡ് ഭാഗങ്ങളിലേക്ക് കോളേജുകളിലേക്ക് പോകുന്ന വിദ്യാർഥികളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്കൂൾ റോഡിൽ തന്നെയാണ്.
അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ചരക്ക് ലോറികൾക്കും, യാത്രക്കാരെയും കൊണ്ട് പോകുന്ന ഓട്ടോകൾക്കും റോഡിൽ തടസ്സം നേരിടുന്നു.ജൂൺ ആദ്യവാരം സ്കൂൾ-കോളേജുകൾ തുറക്കുന്നതോടെ ഇരു ചക്ര വാഹനങ്ങളുടെ എണ്ണം കൂടും. ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുമെന്ന് വ്യാപരികൾക്ക് ആശങ്കയുണ്ട്.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കുമ്പള പോലീസ്, കുമ്പള ഗ്രാമ പഞ്ചായത്ത് എന്നിവരെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപരികൾ.
Post a Comment