JHL

JHL

കാസർകോട്ടെ സംഘ്പരിവാർ അതിക്രമങ്ങൾക്കുപിന്നിൽ ഭരണകൂട വീഴ്ച - സോളിഡാരിറ്റി ചർച്ച സംഗമം

 


കാസർകോട്(www.truenewsmalayalam.com) : കാസർകോട് കേന്ദ്രീകരിച്ചുള്ള സംഘ്പരിവാറിൻറെ കലാപശ്രമങ്ങളെ ചെറുക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച സംഭവിക്കുന്നതായി സോളിഡാരിറ്റി ചർച്ച സംഗമം.

 സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘കാസർകോട്ടെ വംശീയ കൊലപാതങ്ങളും സംഘ്പരിവാറിന്റെ കലാപ ശ്രമങ്ങളും’ ചർച്ച സംഗമത്തിൽ പ്രമുഖർ സംബന്ധിച്ചു.

 പൊലീസ് സംഘ്പരിവാർ അജണ്ടകളുടെ ഉപകരണമാകുന്നുവെന്ന് സംഗത്തിൽ അഭിപ്രായമുയർന്നു. റിയാസ് മൗലവി വധവും തുടർന്നുണ്ടായ കോടതി വിധിയും നീതിബോധമുള്ള മനുഷ്യരുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

 ജില്ലയിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കാര്യം റിയാസ് മൗലവിയുടെ കേസിലും ആവർത്തിക്കുകയായിരുന്നു.

 സംഘർഷങ്ങളിലോ മറ്റോ ഭാഗമാകാത്തവരും വ്യക്തിവൈരാഗ്യം നിലനിൽക്കാത്തവരുമായ ആളുകൾ വംശീയതയുടെ പേരിൽ മാത്രം സംഘ്പരിവാറിനാൽ കൊല്ലപ്പെടുകയും നിയമവ്യവസ്ഥയുടെ കൈയ്യിൽനിന്ന് അവർ എളുപ്പം രക്ഷപ്പെടുകയും ചെയ്യുക പതിവാണ്.

 മുൻ കാല അനുഭവങ്ങൾ ഇത് സാധൂകരിക്കുന്നതാണ്. ഭരണകൂടവും നീതി പീഠവും ഉണർന്നു പ്രവർത്തിച്ചില്ലെന്ന് ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ സി.കെ. അബ്ദുൽ അസീസ്, ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ആർ. യൂസുഫ്, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലീദ്, അഡ്വ. അമീൻ ഹസൻ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പിരിക്ക എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വഗതവും ജില്ലാ പ്രസിഡന്റ് അദ്നാൻ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.


No comments