JHL

JHL

ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേന്ദ്ര വാഴ്സിറ്റിയിൽ രോഷം ശക്തം

 


കാസർകോട്(www.truenewsmalayalam.com) : തുടർച്ചയായി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലാകുന്ന കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ ഡോ. ഇഫ്തികർ അഹമ്മദിനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ രംഗത്ത്. 

അമ്യൂസ് മെന്റ് പാർക്കിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തി റിമാൻഡിലായ കേരള കേന്ദ്രസർവകലാശാലയിലെ അധ്യാപകൻ ഇഫ്തിക്കർ അഹമ്മദിനെ സർവിസിൽ നിന്ന്പുറത്താക്കണമെന്ന് എസ്.എഫ്.ഐ.

 മാസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയ ഇയാളെ സസ്പെൻഡ് ചെയ്തത്. എന്നാൽ, ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് തിരിച്ചെത്തുകയായിരുന്നു.

 മദ്യപിച്ചു ക്ലാസിലെത്തുന്ന ഇയാളിൽ നിന്നും സമാനമായ അനുഭവങ്ങൾ നേരിട്ട മറ്റു വിദ്യാർഥികളും വൈസ്ചാൻസലർ മുമ്പാകെ പരാതിയുമായെത്തിയിരുന്നു. എന്നാൽ, ഈ വിഷയം മൂടിവെക്കാനായിരുന്നു അധികാരികളുടെ ശ്രമം. 

ഈ അധ്യാപകനെ സർവിസിൽ നിന്നും പുറത്താക്കാനും നിയമ നടപടികളുമായി മുന്നോട്ട് പോകാനും സർവകലാശാല അധികാരികൾ തയാറാകണമെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

ഇഫ്തികർ അഹമ്മദ്‌ ലൈംഗികാതിക്രമം നടത്തി ജയിലിലായ സംഭവം അതീവ ഗുരുതരമാണെന്ന് എ.ബി.വി.പി. സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള പ്രഫസറെ പിന്തുണക്കുന്ന നടപടിയാണ് സർവകലാശാല അധികൃതർ സ്വീകരിക്കുന്നത്. 

ഇനിയും സർവകലാശാല അധികൃതരുടെ ഭാഗത്ത്‌ നിന്ന് പ്രഫസറെ സംരക്ഷിക്കുന്ന നടപടിയാണുള്ളതെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കുമെന്ന് എ.ബി.വി.പി കേരള കേന്ദ്ര സർവകലാശാല യൂനിറ്റ് പ്രസിഡന്റ് ശ്രീ ലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.

No comments