JHL

JHL

പ്രൊഫ. പിഎ സഹീദ് പുരസ്കാരം മുഹമ്മദ് കുഞ്ഞിക്ക്


തിരുവനന്തപുരം(www.truenewsmalayalam.com) : അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നൽകി വരുന്ന ഈ വർഷത്തെ പ്രൊഫ. പിഎ സഹീദ് പുരസ്കാരം കാസർകോട് നീലേശ്വരം സ്വദേശിയായ ശ്രീ. മുഹമ്മദ് കുഞ്ഞിക്ക് നൽകും

25 വർഷമായി ഖത്തറിൽ ഔദ്യോഗിക ജീവിതത്തോടൊപ്പം സ്തുത്യർഹമായ വിധം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നയാളാണ്, മുഹമ്മദ് കുഞ്ഞി.

പ്രവാസ രോഗികൾക്കായി ആതുരസഹായം ഏർപ്പെടുത്തുക, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കുക, പ്രവാസികളിൽ സർക്കാരിന്റെ പദ്ധതികൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ജോലി കണ്ടെത്താൻ സഹായിക്കുക, തുടങ്ങി നിരവധി മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്തുവരുന്ന, മഹത് വ്യക്തിയാണ്, മുഹമ്മദ് കുഞ്ഞി.

കോവിഡ് മഹാമാരി കാലത്ത് സന്നദ്ധ പ്രവർത്തകനായി നൂറു കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്ന അദ്ദേഹം രോഗവിമുക്തരായവരെയും ജന്മനാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിച്ചവരെയും നാട്ടിൽ എത്തിക്കാൻ എല്ലാ സഹായവും ചെയ്തു.

ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാനും നിരാലംബർക്ക് ആശ്വാസം പകരാനും വർഷങ്ങളായി സേവനം നൽകുന്നു.

അബദ്ധത്തിൽ കേസുകളിൽ കുടുങ്ങുന്നവർക്ക് നിയമസഹായം ഏർപ്പെടുത്താനും ജയിൽ വിമോചിതരാകുന്നവരെ നാട്ടിൽ എത്തിക്കാനും മുന്നിൽ നിന്നു പ്രവർത്തിക്കുന്നു.

ഖത്തർ പ്രവാസി വെൽഫെയർ ഫോറത്തിൻ്റെ സ്ഥാപക നേതാവുകൂടിയായ അദ്ദേഹം നിലവിൽ ഇന്ത്യൻ എംബസിക്കു കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറ (ICBF) ത്തിൻ്റെ സെക്രട്ടറിയുമാണ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം .

വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റി വില്ലേജിൻ്റെ സേവനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

 വയലാർ ഗോപകുമാർ ചെയർമാനും എം. മെഹബൂബ് ' സിദ്ധീഖ് സൈനുദ്ദീൻ', മുർഷിദ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞെടുത്തത്.

No comments