JHL

JHL

ദേശീയപാത നിർമ്മാണം; ജനജീവിതം ദുസ്സഹമായി നിൽക്കുമ്പോൾ ഊരാളുങ്കലിന് "പുരസ്കാരം''നൽകിയ നടപടി പ്രതിഷേധാർഹം - മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ(www.truenewsmalayalam.com) :  തലപ്പാടി- ചെങ്കള റീച്ചിൽ ദേശീയപാത നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റി "വെസ്റ്റ് ഫെർഫോമർ'' പുരസ്കാരം നൽകിയത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു.

 ദേശീയപാത നിർമ്മാണത്തിൽ കമ്പനിയുടെ എൻജിനീയറിങ് വിഭാഗത്തിലെ പാളിച്ചകളും, വീഴ്ചകളും മൂലം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ വിഷയത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അസാസ്ത്രിയമായ നിർമ്മാണ രീതിയാണ് ഇതിന് കാരണമായതും.

 ജനങ്ങളും, ജനപ്രതിനിധികളും മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളിൽ മുഖം തിരിച്ചു നിൽക്കുന്ന നിലപാടായിരുന്നു നിർമ്മാണ കമ്പനി എഞ്ചിനീയറിങ് വിഭാഗത്തിന്റെത്. ഇതുമൂലം നിർമ്മാണത്തിലെ വീഴ്ചകൾ തിരുത്താൻ അധികൃതർക്കായില്ല.

 ജന ങ്ങളുടെ ദുരിതം വർദ്ധിപ്പിച്ചതിനാണോ സൊസൈറ്റിക്ക് ബെസ്റ്റ് ഫെർഫോമർ പുരസ്കാരം നൽകിയതെന്ന് ദേശീയപാത അതോറിറ്റി ജനങ്ങളോട് വ്യക്തമാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 നിർമ്മാണം തുടങ്ങിയതു മുതൽ ഇന്നുവരെ നിർമ്മാണത്തിലെ പാളിച്ചകളിൽ ജനരോക്ഷവും, പ്രതിഷേധങ്ങളും, സമരങ്ങളും ജില്ലയിൽ നടന്നു വരുന്നുണ്ട്. നിർമ്മാണ രീതിയിലെ അപാകത മൂലം സർവീസ് റോഡുകളിൽ വാഹന അപകടവും, അപകടമരണങ്ങളും സംഭവിച്ചു. 

വീടിനു മുകളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണിടിച്ചിലിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവവുമുണ്ടായി.ഒരൊറ്റ മഴയിൽ ദേശീയപ്പാത വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വികസനത്തിൽ ജനജീവിതം തന്നെ ഏറെ ദുരിതത്തിലാണിപ്പോൾ.

 നാടിനെ വിഭജിച്ചുള്ള ദേശീയപാത നിർമ്മാണത്തിൽ തുടക്കം തന്നെ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇതൊന്നും ചെവി കൊള്ളാൻ അധികൃതർ കൂട്ടാക്കിയില്ല.

 സർക്കാറിന് കൂടി ഓഹരിയുള്ള നിർമ്മാണ കമ്പനി ആയതിനാൽ പേടിക്കേണ്ടതില്ല എന്ന ധാർഷ്ട്യമായിരുന്നു ഇതിന് കാരണമായത്. അടിപ്പാതകൾ വരുന്നിടത്ത് നാടിനെ വിഭജിക്കുന്ന തരത്തിൽ മണ്ണിട്ട് നിരത്തിയാണ് റോഡ് നിർമ്മാണം.

 ഇതിന് പകരം നാട്ടുകാർ സൂചിപ്പിച്ചതുപോലെ ഇവിടങ്ങളിൽ കോൺക്രീറ്റ് തൂണുകൾ കൊണ്ട് റോഡ് സംവിധാനം ഒരുക്കിയിരുന്നുവെങ്കിൽ റോഡിനടിയിൽ വിശാലമായ സ്ഥലവും ദേശീയപാത അതോറിറ്റിക്ക് വരുമാനവും ഉണ്ടാക്കാമായിരുന്നു. ഒപ്പം നാടിനെ വിഭജിക്കുന്നതും ഒഴിവാക്കാമായിരുന്നു.

 സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കലുങ്കു കളിൽ അടിഭാഗത്ത് ഓവു ചാലും,മുകളിൽ നടന്നുപോകുന്ന നടപ്പാത സൗകര്യവും ഒരുക്കിയിരുന്നുവെങ്കിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാതെ പ്രശ്നപരിഹാരമാകുമായിരുന്നു.ഇവിടെയും എൻജിനീയറിങ് വിഭാഗത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചത്.

 കാൽനടയാത്രക്കാർക്ക് ദേശീയപാതക്കരികിൽ നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇപ്പോൾ കിലോമീറ്റർ ചുറ്റിക്കറങ്ങി വേണം ജനങ്ങൾക്ക് തെക്ക്- പടിഞ്ഞാർ ഭാഗത്തെത്താൻ. 

മാത്രവുമല്ല ഓട്ടോകൾക്ക് വലിയ തുക നൽകി സഞ്ചരിക്കേണ്ട അവസ്ഥയുമാണ് ഇപ്പോഴുള്ളത്.

 അതുകൊണ്ടുതന്നെ പുരസ്കാരം നൽകിയ നടപടി ദേശീയപാത അതോറിറ്റി പുന:പരിശോധിക്കണമെന്നും മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.

No comments