പെർവാട് കടപ്പുറത്ത് കടലേറ്റം; ശേഷിച്ച കടൽ ഭിത്തിയും കടലെടുക്കുന്നു, "ജിയോ ബാഗ് ''കടൽ ഭിത്തിക്കും ഭീഷണി, തീരം ആശങ്കയിൽ
മൊഗ്രാൽ(www.truenewsmalayalam.com) : മഴ തുടങ്ങിയതേയുള്ളൂ, പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ ഭീതി ഒഴിയുന്നില്ല.
ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് തീരദേശ ജനത.
കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നത്. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമ്മിച്ച കടൽ ഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല.
കടൽ ഭിത്തികളൊക്കെ കടൽ തന്നെ കൊണ്ടുപോയി. കഴിഞ്ഞവർഷം കടൽ 200 മീറ്ററുകളോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു.
നിരവധി കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. തെങ്ങുകൾ കടപുഴകി വീണു. 200 മീറ്ററുകൾക്കുള്ളിലെ തീരമേഖലയായതിനാൽ ഒന്നിനും നഷ്ടപരിഹാരവു മുണ്ടായില്ല.
റവന്യൂ വകുപ്പ് അധികൃതർ സന്ദർശനം നടത്തി കൈമലർത്തി.
ഇന്നിപ്പോൾ കാലവർഷം തുടങ്ങിയതേയുള്ളൂ. പെർവാഡ് കടപ്പുറത്ത് കടലേറ്റം കണ്ടു തുടങ്ങി.
മുൻവർഷങ്ങളിൽ നിർമ്മിച്ച കടൽ ഭിത്തിയുടെ ശേഷിച്ച ഭാഗങ്ങൾ കൂടി ഇപ്പോൾ കടലെടുക്കുകയാണ്.
പ്രദേശവാസികൾ ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയ "ജിയോ ബാഗ് ''കൊണ്ട് പരീക്ഷണാർത്ഥം നിർമ്മിച്ച കടൽഭിത്തി ക്കും കടലേറ്റം വലിയ ഭീഷണി ഉയർത്തുന്നുണ്ട് . ഇതുകൂടി കടലെടുത്താൽ "ഇനി എന്ത് "എന്ന ചോദ്യമാവും പ്രദേശവാസികളിൽ ഉയരുക.
കഴിഞ്ഞ ഒരു വർഷമായി കടലിൽ മത്സ്യ സമ്പത്തില്ലാതെ കടലോര നിവാസികൾ ദുരിതത്തിലാണ്.
ഇതിനിടയിൽ കാലവർഷവും, കടലാക്രമണം കൂടി വരുന്നതോടെ തീരദേശം തീരാ ദുരിതത്തിലാവും.
Post a Comment