JHL

JHL

ചക്ക വിപണിയിൽ: ജില്ലയുടെ ഉൽപ്പന്നം ഈ വർഷമെങ്കിലും താരമാവുമോ..


 മൊഗ്രാൽ(www.truenewsmalayalam.com) :  കേന്ദ്രസർക്കാറിന്റെ "ഒരു ജില്ല ഒരു ഉൽപ്പന്നം'' പദ്ധതിയിൽ ജില്ലയുടെ ഉൽപന്നമായി ചക്കയ്ക്ക് അംഗീകാരം ലഭിച്ചിട്ട് രണ്ടു വർഷമാവുന്നു. 

ജില്ലയിൽ മിക്ക സ്ഥലങ്ങളിലും സുലഭമായി ലഭിക്കുന്നു എന്നതുകൊണ്ടാണ് ചക്കയെ ജില്ലയുടെ ഉൽപ്പന്നമായി 2022ൽ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്.

 കഴിഞ്ഞ വർഷം ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചക്ക വിഭവങ്ങൾ ഒരുക്കി വിവിധ ഇടങ്ങളിൽ മഹോത്സവങ്ങൾ നടത്തിയതല്ലാതെ ചക്കയുടെ സംരക്ഷണത്തിനും, സംഭരിക്കാനുമൊന്നും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ല. 

ജില്ലയുടെ സ്വന്തം ചക്ക ഉൽപ്പന്നം പ്ലാവുകളിൽ തൂങ്ങിക്കിടന്ന് പഴുത്ത് താഴെ വീണ് നശിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ചിലയിടങ്ങളിൽ വീട്ടുകാർ പറിച്ചെടുത്ത് തെരുവോരങ്ങളിൽ വില്പനയ്ക്ക് വച്ചു.

 എന്നാൽ കിട്ടുന്ന വില തുച്ഛമായതിനാൽ പിന്നീട് അതും ഉപേക്ഷിച്ചു.

 ഓരോ ജില്ലയ്ക്കും ഒരു ഉൽപ്പന്നം കണ്ടെത്തി അവയെ ഉൽപാദനത്തിൽ കൂടുതൽ വിപുലപ്പെടുത്തിയും, സംരക്ഷിച്ചും സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് കേന്ദ്രസർക്കാറിന്റെ ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. 

ജില്ലയുടെ ഉൽപ്പന്നമായി ചക്ക അംഗീകരിക്കപ്പെട്ടത് കൊണ്ട് തന്നെ ഈ പദ്ധതി നല്ല നിലയിൽ പ്രയോജനപ്പെടുത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടായില്ല.

 പച്ച ചക്കയിൽ നിന്ന് ചക്ക പൗഡർ, ചക്ക ചിപ്സ്, ചക്ക ഐസ്ക്രീം, ചക്ക ജാം തുടങ്ങിയ ഒട്ടേറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. 

ഇത് സംഭരിച്ച് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ജില്ലയുടെ വ്യാവസായിക വളർച്ചയ്ക്കും സഹായകമാവുകയും ചെയ്യുമായിരുന്നു.

 ഈയടുത്ത് ജില്ലയിലെ ബദിയടുക്കയിൽ മലയോരത്തുള്ള കുടുംബാംഗങ്ങൾ ചേർന്ന് ഒരു വർഷത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ ഒരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

 26 ഇനം ചക്ക വിഭവങ്ങളാണ് ഇവർ ഒരുമയോടെ ഒരുക്കിയത്. ഹലുവ, പപ്പടം,വട,ദോശ,റൊട്ടി, അച്ചാർ തുടങ്ങിയ വിഭവങ്ങൾ ഇതിൽ ഇടം പിടിച്ചിരുന്നു. ചക്കയിൽ നിന്ന് ധാരാളം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കും സാധ്യതയുണ്ടെന്ന തിരിച്ചറിവ് കൂടിയാണ് ഇത്തരം വിഭവങ്ങൾ.

 2018 ൽ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ദേശീയതലത്തിൽ "കേരള ജാക്ക് ഫ്രൂട്ട്'' ബ്രാൻഡായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു പ്രഖ്യാപനം. 

ചക്കയുടെ ഉൽപാദനവും, വിതരണവും വർദ്ധിപ്പിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇവിടെയും തുടർനടപടി കൾ കാര്യക്ഷമമായില്ല. ജില്ലയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളതും ഇതുതന്നെയാണ്.

 ഒരു വർഷം കേരളത്തിൽ 26.5 കോടിയോളം ചക്ക ഉൽപാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. 

ചക്കപ്പെരുമയിൽ മുന്നിൽ ഇടുക്കി ജില്ലയാണ്. ഇ വിടെയാണ് ഏറ്റവും കൂടുതൽ ചക്ക ഉല്പാദിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരവും, കണ്ണൂരുമാണ് തൊട്ടുപിറകിൽ. 

ഇത് കൃഷിവകുപ്പിന്റെ കാർഷിക സ്ഥിതി വിവരണക്കണക്കാണ്.സംസ്ഥാനത്ത് നിന്ന് മറുനാടുകളിലേക്ക് പോലും ചക്ക കയറ്റി അയക്കുന്നുണ്ട്. അതും തുച്ഛമായ വിലയിലാണെന്ന് കർഷകർ പറയുന്നു.

 ഇടനിലക്കാരാണ് ഇതിൽ ലാഭം കൊയ്യുന്നത്. കാസർഗോഡ് ജില്ലയിൽ 1.1 കോടി ചക്കയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

 എന്നിട്ടും ചക്കയിലൂടെ കേന്ദ്രസർക്കാർ പദ്ധതിയിൽ ജില്ല സ്ഥാനം പിടിച്ചു.കാലാവസ്ഥാ വ്യതിയാനത്തിൽ ഈ വർഷം ചക്കയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. ഉൽപാദനത്തിൽ കാലതാമസവും ഉണ്ടായിട്ടുണ്ട്.

No comments