JHL

JHL

കര്‍ണാടകത്തില്‍ 15 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു

ദില്ലി(True News 26 September 2019): വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെര‍ഞ്ഞെടുപ്പ് മാറ്റിവച്ച കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രാജിവച്ച വിമതഎംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാകടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 22 ലേക്ക് മാറ്റിവെച്ചു.

കേരളവും തമിഴ്‍നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കര്‍ണാടകയിലും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്.

ഇവരെല്ലാം ഇപ്പോള്‍ അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ രണ്ട് പേര്‍ നല്‍കിയ കേസ് കര്‍ണാടക ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല. കോണ്‍ഗ്രസ് വിട്ട 13 പേരും ജനതാദളില്‍ നിന്നും പോന്ന മൂന്ന് പേരും കെപിജെപിയുടെ ഒരു മുന്‍ എംഎല്‍എയുമാണ് അയോഗ്യതാ നടപടി ചോദ്യം ചെയ്ത് കോടതികളില്‍ എത്തിയിട്ടുള്ളത്.

No comments