JHL

JHL

പ്രാദേശിക വികാരം ശക്തം; മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫിനെ മത്സരിപ്പിക്കണമെന്നു ലീഗിൽ മുറവിളി ; സമൂഹമാധ്യമങ്ങളിലൂടെ ആവശ്യം ശക്തമാകുന്നു

ഉപ്പള (True News , Sept 22, 2019) :തെരെഞ്ഞെപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർഥികൾക്കായി ചർച്ചകൾ തുടങ്ങി. മഞ്ചേശ്വരത്ത് നാട്ടുകാരനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന വികാരം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ കെട്ടിയെഴുന്നള്ളിക്കുന്ന സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന നിലപാട് പാർട്ടിയിലെ യുവാക്കൾ പങ്കുവെച്ചിരുന്നു. കൂടാതെ മഞ്ചേശ്വരത്തെ സ്ഥിരം പേയ്‌മെന്റ് സീറ്റാക്കാനുള്ള നീക്കത്തിനെതിരെയും ശക്തമായ എതിർപ്പുയർന്നിരുന്നു. 

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫിനെ സ്ഥാനാർഥിയാക്കണമെന്ന വികാരം പാർട്ടിയിൽ ശക്തമാകുകയാണ്. കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ എകെഎമ്മിനോളം മികച്ച സ്ഥാനാർഥി വേറെയില്ലെന്നു യുവജനങ്ങൾക്കിടയിൽ അഭിപ്രായം. മികച്ച പ്രസംഗ ശൈലി, ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലയിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാർട്ടിക്കതീതമായി പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ  വലിയ ബന്ധങ്ങൾ , കന്നഡ ഭാഷ സ്വാധീനം, ഗ്രൂപ്പിനതീതമായി സുന്നീ സംഘടനകളിൽ നിന്നുള്ള പിന്തുണ  തുടങ്ങി നിരവധി അനുകൂല ഘടകങ്ങൾ ആണ് എകെഎമ്മിൽ അണികൾ കാണുന്നത്. 
എം സി ഖമറുദ്ദീനെയും സി ടി അഹമ്മദലിയെയുമാണ് പാർട്ടി പ്രാഥമികമായി പരിഗണയിലുള്ളതെന്ന വാർത്ത മണ്ഡലത്തിലെ  ലീഗ് കേന്ദ്രങ്ങളിൽ  നിരാശയുണ്ടാക്കിയിട്ടുണ്ട്. മുൻ എം എൽ എ അബ്ദുൽ റസാഖിന്റെ സന്തത സഹചാരിയായിരുന്ന അഷ്‌റഫ് മത്സരിച്ചാൽ സഹതാപ വോട്ടുകളും ഉറപ്പുവരുത്താമെന്നു കരുതുന്ന നേതാക്കളും മണ്ഡലത്തിലുണ്ട്. കൂടാതെ കുറച്ചു കാലങ്ങളായി  മഞ്ചേശ്വരം , മംഗൽപാടി പഞ്ചായത്തുകളിൽ പാർട്ടിയോട് മുഖം തിരിഞ്ഞ് പി ഡി  പി  യോടും സി പി എമ്മിനോടും അടുപ്പം കാണിക്കുന്ന ചില വിഭാഗങ്ങളിൽ  നിന്നും എകെ എമ്മിന് പിന്തുണ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
എന്നാൽ എകെഎം സ്ഥാനാര്ഥിയാക്കണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നവർ , പാർട്ടി തീരുമാനിക്കുന്ന , പാണക്കാട്ടു നിന്നും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്ഥിയെയും അംഗീകരിക്കുമെന്നും പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കൂടി പറയുന്നു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഇത് വരെ മുസ്ലിം ലീഗ് തദ്ദേശീയമായ ഒരാളെ സ്ഥാനാർത്ഥിയാക്കിയിട്ടില്ല. സുബ്ബറാവുവിൽ നിന്നും ചെർക്കളം അബ്ദുല്ല മണ്ഡലം പിടിച്ചെടുത്തതിൽ പിന്നെ കുഞ്ഞമ്പുവിനോട് അടിയറവു പറയുന്നത് വരെ മൂന്നു തവണ അദ്ദേഹം തന്നെ മത്സരിച്ചു. തുടർന്ന് അബ്ദുൽ റസാക്കും. ഇനിയെങ്കിലും നാട്ടുകാരനെത്തന്നെ വേണമെന്ന നിലപാടിലാണ് പല ലീഗ് പ്രവർത്തകരും. കഴിവും യോഗ്യതയുമുള്ള ഒന്നിലധികം നേതാക്കൾ മണ്ഡലത്തിലുള്ളപ്പോൾ മറ്റുസ്ഥലങ്ങളിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയെടുക്കുന്നതെന്തിനെന്നാണ് അവരുടെ ചോദ്യം.
കാസർഗോഡ് മണ്ഡലത്തിൽ ലീഗ് മത്സരിക്കാൻ തുടങ്ങിയത് മുതൽ മണ്ഡലത്തിലുള്ളവരെ മാത്രമാണ് മത്സരിപ്പിച്ചിട്ടുള്ളത്. എന്നാൽ മഞ്ചേശ്വരത്തോട് നേർ വിപരീത നിലപാടും. 
എകെഎം അല്ലെങ്കിൽ മണ്ഡലത്തിലെ ജില്ലാ ഭാരവാഹികളായ  ടി എ മൂസ, എം അബ്ബാസ് തുടങ്ങിയ നേതാക്കളെ പരിഗണിക്കണമെന്നാണ് ഇവർ പറയുന്നത്. അതിനിടെ പുറത്തു നിന്നുള്ളവരെ മത്സരിപ്പിച്ചാൽ  ലീഗിനെതിരെ മത്സരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ സജീവമായ കുമ്പള പഞ്ചായത്തിലെ ഒരു പ്രവർത്തകൻ ഭീഷണി  മുഴക്കിയിട്ടുമുണ്ട്. ഇയാൾ പ്രാദേശിക തലത്തിലുള്ള നേതാവ് പോലുമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്നെ കഴിഞ്ഞ തവണ  നേരിയ മാർജിനിൽ ജയിച്ച മണ്ഡലം കൈവിട്ടുപോകാൻ ചെറിയ എതിർപ്പുകൾ പോലും മതിയാകുമെന്നതിനാൽ കരുതലോടെയാകും നേതൃത്വം തീരുമാനമെടുക്കുക 

No comments