JHL

JHL

എ.ബി.വി.പി യൂണിയനെ മറിച്ചിട്ടു; ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത്- ഇടത്-ആദിവാസി സഖ്യത്തിന് മിന്നുന്ന വിജയം

ഹൈദരാബാദ് (True News 27 September 2019): വിഖ്യാതമായ രോഹിത് വെമുല പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത്-ദലിത്-ആദിവാസി സഖ്യത്തിന് മിന്നുന്ന വിജയം. കനത്ത ത്രികോണ മല്‍സരം നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ എ.ബി.വി.പി-ഒ.ബി.സി.എഫ് സഖ്യ യൂണിയനെ പരാജയപ്പെടുത്തിയാണ് അംബേദ്ക്കർ സ്റ്റു‍ഡന്റ്സ് അസോസിയേഷൻ (എ.എസ്.എ) എസ്.എഫ്.ഐ, ഡി.എസ്.യു (ദലിത് സ്റ്റുഡന്റസ് യുണിയൻ), ടി.എസ്.എഫ് (ട്രെെബൽ സ്റ്റുഡന്റസ് ഫെഡറേഷൻ) എന്നീ പാർട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. ഇന്നലെയായിരുന്നു ഹൈദരാബാദ് സര്‍വകലാശാലയിലെ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാത്രിയോടെ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നു.

ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എ.എസ്.എ - എസ്.എഫ്.ഐ സഖ്യത്തില്‍ നിന്നുള്ള അഭിഷേക് നന്ദനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് വിജയിച്ചത്. ഒ.ബി.സി.എഫ്, എസ്.എൽ.വി.ഡി പാർട്ടികളുമായി സഖ്യം ചേർന്ന എ.ബി.വി.പി വലിയ പരാജയമാണ് ഇത്തവണ നേരിട്ടത്. എൻ.എസ്.യു.ഐയിൽ നിന്നും രാജി വെച്ച് എ.ബി.വി.പി സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി മല്‍സരിച്ച ഫാനി കൃഷ്ണക്ക് 1000 വോട്ടുകള്‍ മാത്രമാണ് കരസ്ഥമാക്കാനായത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച എ.എസ്.എ, എസ്.എഫ്.ഐ, ഡി.എസ്.യു, ടി.എസ്.എഫ് സഖ്യ സ്ഥാനാര്‍ഥി എന്‍.ശ്രീചരണും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച എ.എസ്.എ-എസ്.എഫ്.ഐ സഖ്യ സ്ഥാനാര്‍ഥി ഗോപി സ്വാമി മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. 900ത്തിന് മുകളില്‍ വോട്ടുകള്‍ നേടി എ.ബി.വി.പിയുടെ ധീരേന്ദ്ര സാഹുവിനെയാണ് ഗോപി സ്വാമി പരാജയപ്പെടുത്തിയത്.


മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തികൊണ്ട് മല്‍സരിച്ച എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യം തിളക്കമേറിയ മല്‍സരമാണ് ഇത്തവണ കാഴ്ച്ച വെച്ചത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച മുഹമ്മദ് ഷമീം 382 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച ജിയാദ് ഹുസൈന്‍ 500 വോട്ടുകളാണ് സ്വന്തം പെട്ടിയിലാക്കിയത്.

സംഘ് പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ സഖ്യത്തിൽ മുസ്‍ലിം കക്ഷികളെ കൂടെ നിർത്താൻ സാധിക്കില്ലെന്ന ഇടതു പാർട്ടികളുടെ നിലപാടിനെ തുടർന്നാണ്, അംബേദ്ക്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഭാഗമായി നിന്നിരുന്ന മുസ്‍ലിം സംഘടനകൾ സ്വന്തമായി സഖ്യമുണ്ടാക്കി മത്സരത്തിനിറങ്ങിയത്. ദലിത് ആദിവാസി സ്വത്വം ഉയർത്തി പിടിക്കുന്ന പാർട്ടികളെ സഖ്യത്തിൽ ചേർക്കുകയും, എന്നാൽ ന്യൂനപക്ഷങ്ങളെ മാറ്റി നിർത്തുകയും ചെയ്ത് രൂപീകരിച്ച സംഘ് വിരുദ്ധ സഖ്യം പക്ഷേ, ഇസ്‍ലാം വിരുദ്ധതയുടെ തെളിവാണെന്ന് എം.എസ്.എഫ് - ഫ്രട്ടേണിറ്റി സഖ്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

No comments