JHL

JHL

എം.പി.യുടെ ഉപവാസ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍-സി.പി.എം

കാസര്‍കോട്(True News 22 September 2019): ദേശീയപാതയുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തുന്ന ഉപവാസ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ദേശീയപാത നന്നാക്കേണ്ടതെങ്കിലും ഉപവാസത്തില്‍ നേതാക്കള്‍ പ്രസംഗിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയുമാണ്. സി.പി.എമ്മിനെതിരെ പ്രസംഗിച്ചവര്‍ കേന്ദ്ര സര്‍ക്കാരിനെയൊ ബി.ജെ.പിയെയോ വിമര്‍ശിക്കാന്‍ തയ്യാറായില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ചെറുവത്തൂരില്‍ നിന്ന് കാലിക്കടവ് വരെയും കുമ്പള പെര്‍വാഡ് മുതല്‍ കാസര്‍കോട് വരെയും മൊഗ്രാല്‍പൂത്തൂരിലും തകര്‍ന്ന റോഡ് നന്നാക്കല്‍ പ്രവൃത്തി തുടങ്ങി കഴിഞ്ഞു. തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് വരെ റീടാറിങ്ങിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ കുഴി അടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഏഴ് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് പണം അനുവദിച്ചിരുന്നില്ല.
ഇതിനാലാണ് കാലിക്കടവ്-തലപ്പാടി ദേശീയപാതയില്‍ റോഡ് തകര്‍ന്ന് യാത്ര ദുസഹമായത്.
കുഴി അടക്കലും റീടാറിങ്ങും ശക്തമായ മഴ കാരണമാണ് വൈകിയത്. ഇതിനിടയിലുള്ള എം.പിയുടെ ഉപവാസം അപഹാസ്യമാണ്. ഈ പൊറാട്ട് നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് എം.വി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

No comments