JHL

JHL

ഉപ്പളയിലെ സംഗീതാധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം തടവ്

മംഗളൂറു(True News 26 September 2019): ഉപ്പള സ്വദേശിനിയായ സംഗീതാധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ബണ്ട്വാളിലെ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനെ (56) മംഗളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് (ആറ്) കോടതി ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
സംഗീതാധ്യാപികയായ ഉപ്പളയിലെ പൂര്‍ണ്ണിമ (38)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കര്‍ണാടക പൊതു വിദ്യാഭ്യാസവകുപ്പിലെ കായികാധ്യാപകനായിരുന്നു മോഹന്‍കുമാര്‍. വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശീകരിച്ച് ഹോട്ടലുകളില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിക്കുകയും പിന്നീട് സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു മോഹന്‍ കുമാറിന്റെ രീതി. ഗര്‍ഭിണി ആവാതിരിക്കാന്‍ ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേനയാണ് യുവതികള്‍ക്ക് സയനൈഡ് നല്‍കിയിരുന്നത്. കേരള, കര്‍ണാടക സ്വദേശിനികളായ 20 യുവതികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നതിന് മോഹന്‍ കുമാറിനെതിരെ കേസുകള്‍ നിലവിലുണ്ട്. നേരത്തെ 15 കേസുകളില്‍ ഇയാള്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെ വിധിച്ചിരുന്നു.
2007 മെയ് 29ന് ബംഗളൂരുവിലെ ഉപ്പാര്‍പേട്ട് കര്‍ണാടക ആര്‍.ടിസി ബസ് സ്റ്റാന്റിലെ വിശ്രമമുറിയിലാണ് പൂര്‍ണ്ണിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ 2010ല്‍ സമാനമായ മറ്റൊരു കേസില്‍ മോഹന്‍ അറസ്റ്റിലായതോടെയാണ് സംഗീത അധ്യാപികയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
2007 ഏപ്രിലില്‍ പരിചയപ്പെട്ട പൂര്‍ണ്ണിമയെ പ്രണയം നടിച്ച് വശത്താക്കി സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബംഗളൂരുവില്‍ കൊണ്ടുപോയി ഹോട്ടലില്‍ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം പുറത്തുകൊണ്ടുപോയി ഗര്‍ഭനിരോധന ഗുളിക എന്നപേരില്‍ സയനൈഡ് പുരട്ടിയ ഗുളിക നല്‍കുകയായിരുന്നു. ബസ്റ്റാന്റിലെ വിശ്രമമുറിയില്‍ പോയി ഗുളിക കഴിച്ച ഉടനെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തുടര്‍ന്ന് ഹോട്ടലില്‍ തിരിച്ചെത്തിയ മോഹന്‍ സ്വര്‍ണാഭരണങ്ങള്‍ എടുത്തശേഷം മുങ്ങി. ഈ കേസിലാണ് ഇപ്പോള്‍ മോഹനെ ശിക്ഷിച്ചത്. പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്മി (26)യെ മടിക്കേരിയില്‍ എത്തിച്ച് ഇതേരീതിയില്‍ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ജൂലായിയില്‍ ഇയാളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇപ്പോള്‍ ജീവപര്യന്തമുള്‍പ്പെടെശിക്ഷ ലഭിച്ച 20 കേസുകളില്‍ അഞ്ച് കേസുകള്‍ ഇപ്പോഴും മംഗളൂരു അതിവേഗ കോടതിയില്‍ വിചാരണയിലാണ്.

No comments