JHL

JHL

സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂരിൽ വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കുമ്പള : (True News, Sept 20, 2019)വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ സഹകരണത്തോടെ കുണ്ടങ്കേരടുക്ക സ്വയം പര്യാപ്ത ഗ്രാമത്തില്‍ നടത്തിയ ജാഗ്രതാ സദസ്സ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പരിപാടിയില്‍ പങ്കെടുത്ത വനിതകളോട് സംവദിച്ചു. സമാധാനപരമായ ഗാര്‍ഹികാന്തരീക്ഷം ഒരുക്കുന്നതിന് മുന്നോടിയായി സ്ത്രീ സുരക്ഷ അത്യന്താപേക്ഷിതമാണെന്നും വീടിന്റെ വിളക്കായ സ്ത്രീകളുടെ മനസ്സില്‍ പുഞ്ചിരി വിടര്‍ന്നാല്‍ മാത്രമേ ഇത് സാധ്യമാവുകയെന്നും അവര്‍ പറഞ്ഞു.
40 വയസു കഴിഞ്ഞ മക്കളില്ലാത്ത വിധവകള്‍ക്ക് പ്രത്യേക ധനസഹായം അല്ലെങ്കില്‍ പെന്‍ഷന്‍ അനുവദിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരീകാക്ഷയുടെ നിവേദനത്തിന് മറുപടിയായി വിവിധ ബാങ്കുകള്‍ ഇത്തരക്കാര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളെ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നാല്‍പത് വയസിന് മുകളില്‍ പ്രായമുള്ള, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ അവരുടെ ഭൂമി ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ ജീവിതാവസാനം വരെ അവര്‍ക്കുള്ള ജീവിതച്ചെലവ് നല്‍കുന്നതിനുള്ള വിവിധ പദ്ധതികള്‍ ബാങ്കുകള്‍ നടത്തി വരുന്നതായും ഇത് ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് വളരെ ആശ്വാസവുമായിരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഏകദിന സെമിനാറിന്റെ ഭാഗമായി വിഷായവതരണങ്ങള്‍ നടത്തി. സ്ത്രീ സുരക്ഷയും ഗാര്‍ഹികാന്തരീക്ഷവും എന്ന വിഷയത്തില്‍ ഡോ. ഷാഹിദാ കമാല്‍ അവതരണം നടത്തി.പട്ടികജാതി വികസന വകുപ്പിന്റെ നൂതന പദ്ധതികള്‍ എന്ന വിഷയത്തില്‍ പട്ടികജാതി വികസന ഓഫീസര്‍ പി ബി ബഷീര്‍ ക്ലാസെടുത്തു. പട്ടിക ജാതി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരികാക്ഷ, പഞ്ചായത്ത് അംഗം അരുണ എം ആള്‍വ,ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനറാണി, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മഞ്ചുനാഥ എന്നിവര്‍ സംസാരിച്ചു.

No comments