JHL

JHL

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു: ലീഗിൽ എംസി ഖമറുദ്ധീന് തന്നെ സാധ്യത, ബിജെപിയിൽ രവിഷ തന്ത്രിയും,അഡ്വക്കേറ്റ് ശ്രീകാന്തും പരിഗണയിൽ; എൽഡിഎഫിൽ കെ ആർ ജയാനന്ദന്റെ പേരിനു പ്രാമുഖ്യം

കാസറഗോഡ് (True News, Sept21, 2019): ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർഥി നിർണയത്തിനു അനൗദ്യോഗിക ചർച്ചകൾ സജീവമാക്കി. എത്രയും പെട്ടെന്ന് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം തുടങ്ങി രംഗം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമെന്നുറപ്പുള്ളപ്പോൾ അല്പമൊന്നു വൈകിപ്പോയാൽ തന്നെ എതിരാളികൾ ബഹുദൂരം മുന്നേറുമെന്ന ഭയം സംസ്ഥാന നേതാക്കൾക്കുമുണ്ട്.എത്രയും പെട്ടെന്നു സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. 

അനൗപചാരിക ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും അടുത്തയാഴ്ചയോടെ ചര്‍ച്ചകള്‍ക്കു ചൂടുപിടിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലെല്ലാം എല്‍ഡിഎഫില്‍നിന്ന് സിപിഎമ്മാണു മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍ഡിഎഫ് യോഗങ്ങള്‍ ചൊവ്വാഴ്ച ചേരും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല


ജില്ലയില്‍നിന്നുള്ള നേതാക്കൾക്കാണ് ബി ജെ പി പ്രാമുഖ്യം നൽകുന്നത്. അങ്ങനെയെങ്കിൽ കെ. ശ്രീകാന്ത്, രവിശ തന്ത്രി കുണ്ടാർ, ബി.സുരേഷ് കുമാർ ഷെട്ടി എന്നിവരുടെ പേരുകളാണു പരിഗണനയില്‍. സുരേഷ്‌കുമാർ ഷെട്ടിക്ക് മണ്ഡലത്തിലെ സ്ഥാനാർഥി എന്ന പരിഗണയും പ്രതീക്ഷിക്കാം. ജില്ലയിൽ നിന്നും പുറത്തു നിന്നാണ് സ്ഥാനാര്ഥിയെങ്കിൽ എം ടി രമേശിനാവും നറുക്ക്. എന്നാൽ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായമുള്ളവരും സംസ്ഥാന നേതാക്കളിലുണ്ട്. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കി തന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ ശ്രീധരൻപിള്ള ശ്രമിച്ചു കൂടായ്കയില്ല.


യുഡിഎഫിൽ നിന്നും എം.സി.ഖമറുദീൻ,സി.ടി.അഹമ്മദലി, സി.മുനീർ ഹാജി എന്നിവരെയാണ് ലീഗ് നേതൃത്വം കാണുന്നത്. ഇതിൽ എം സി ഖമറുദ്ദീനാണ് സാധ്യത. കഴിഞ്ഞ രണ്ടു തവണയും അവസാന നിമിഷമാണ് ഖമറുദ്ദീൻ ഒഴിവായത്. നിർണായകമായ തെരെഞ്ഞെടുപ്പായതിനാൽ ലീഗ് സീനിയർ നേതാക്കളെത്തന്നെയായിരിക്കും പരിഗണിക്കുക. സി ടി അഹമ്മദാലിയും മുനീർ ഹാജിയും പരിഗണയിലുണ്ടെങ്കിലും മുനീർ ഹാജിക്ക് പാർലിമെന്ററി പരിചയയക്കുറവ് വിനയാകും. മറ്റുള്ളവരെ പരിഗണിക്കാനുള്ള സാധ്യത നിലവിൽ ഇല്ല. ഏ കെ എം അഷ്‌റഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു മത്സരിക്കുന്നതിനോട് നേതൃത്വത്തിന് യോജിപ്പില്ല. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. കൂടാതെ അഷ്റഫിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നതും വസ്തുത ഓർമിപ്പിച്ചും ഭാവിയിലും സ്ഥാനമാനങ്ങൾക്ക് പരിഗണിക്കുമെന്ന ഉറപ്പു നൽകിയും പ്രാദേശിക വാദത്തിനു മറുപടി നൽകാമെന്നും ജില്ലാ നേതാക്കൾ കണക്കു കൂട്ടുന്നു.

എൽഡിഎഫിൽ . കെ ആർ ജയാനന്ദന്റെ പേരാണ് സജീവ ചർച്ചയായിരിക്കുന്നത്. ജില്ലാ സെക്രെട്ടറിയേറ്റ് ചേർന്ന് സ്ഥാനാർഥി പാനൽ സംസ്ഥാന സെക്രെട്ടറിയേറ്റിന് സമർപ്പിച്ച് , സംസ്ഥാന സെക്രെട്ടറിയേറ്റിൽ നടക്കുന്ന വിശദമായ ചർച്ചക്ക് ശേഷം മാത്രമേ തീരുമാനമാകുകയുള്ളൂവെങ്കിലും അനൗദ്യോഗിക ചർച്ച സജീവമാണ്. കിഴക്കൻ മേഖലയിലെ പ്രവർത്തന മികവും നാട്ടുകാർക്കിടയിൽ ബന്ധവും ജയാനന്ദന് അനുകൂലമാകും. മുൻ എം എൽ എ സി എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ മുഖം വേണമെന്ന അഭിപ്രായം പാർട്ടിയിൽ സജീവമാണ്. സി.എച്ച്. കുഞ്ഞമ്പു, കെ.ആർ.ജയനന്ദൻ ഇവരിലൊരാളല്ലാതെ മറ്റൊരാളെ പരിഗണിക്കുന്നുണ്ടെങ്കിൽ വി പി പി മുസ്തഫക്കും സാധ്യതയുണ്ട്.

No comments