Header Ads

test

വീൽ ചെയറിൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മിർഷാന സുമനസ്സുകൾ നൽകിയ വീൽ ചെയറിൽ ആത്മവിശ്വാസത്തോടെ

മൊഗ്രാൽ(True News 20 September 2019): മൊഗ്രാൽ ഹയർ സെക്കൻഡറി സ്കൂളിൽ 10 ബിയിൽ ആരൊക്കെ എ പ്ലസോടെ എസ്.എസ്.എൽ.സി. പാസാകുമെന്ന് മോഹനൻ മാഷിന്റെ ചോദ്യം. പകുതി കൈയുയർത്തി നഫീസത്ത് മിർഷാനയും ഉറപ്പുനൽകി. വിജയത്തിൽ സംശയമുണ്ടായിട്ടല്ല,

കഴുത്തിന് താഴെ തളർന്ന ശരീരത്തിന്റെ അതിജീവനത്തിൽ മിർഷാനയുടെ കൈകൾ അത്രമാത്രമേ ഉയരുമായിരുന്നുള്ളൂ. നാഡികളുടെ ശേഷി കുറഞ്ഞതിനെത്തുടർന്ന് കഴുത്തിനു താഴെ തളർന്ന മിർഷാന ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. അതിൽ ആദ്യചുവടാണ് ഇത്തവണത്തെ പത്താംതരം പരീക്ഷ.

ഒൻപതാംതരത്തിൽ പഠിക്കുമ്പോൾ 2015 ഡിസംബർ അഞ്ചിനാണ് മൊഗ്രാൽ ബദരിയനഗറിലെ മിർഷാനയ്ക്ക് തളർച്ചവരുന്നത്. ‘ഒരു രാത്രി എട്ടുമണിയോടെ ക്ഷീണം തോന്നി കിടന്നതാണ്, വിളിച്ചപ്പോൾ പിന്നെ ഇങ്ങനെയാണ്, കഴുത്തിന് താഴെ കാലുവരെ ചലനശേഷി നഷ്ടപ്പെട്ടു,’ -ദുരിതത്തിന്റെ ആദ്യകാലം പിതാവ് അബ്ദുൾകരീം പറയുന്നു.

പിന്നീട് ആയുർവേദവും അലോപ്പതിയുമായി വർഷങ്ങളോളം ലക്ഷങ്ങളുടെ ചികിത്സകൾ നടത്തി. ഒന്നിലും തിരിച്ചുവരാനാകില്ലെന്ന ഉത്തരം മാത്രമാണ് ഡോക്ടർമാർ നൽകിയത്. അങ്ങനെ ചികിത്സയ്ക്ക് അവധികൊടുത്ത് മൂന്നുവർഷത്തിനുശേഷം മിർഷാന വീണ്ടും സ്കൂളിലേക്ക്.

പത്താം ക്ളാസ്‌ ബി ഡിവിഷനിൽ പെൺകുട്ടികളുടെ നിരയ്ക്ക് മുന്നിലായി വീൽച്ചെയറിലാണ് മിർഷാന. കളിച്ചും ചിരിച്ചും അവർക്കൊപ്പം ഒന്നാം നിരയിൽ. ക്ലാസെടുക്കുന്നത് കേട്ടെഴുതാൻ കൈകൾക്ക് ശേഷിയില്ലാത്തതിനാൽ എല്ലാം മനസ്സിൽ സൂക്ഷിക്കുകയാണ് മിർഷാനയുടെ പതിവ്.

അങ്ങനെയാണ് ഇത്തവണ ഓണപരീക്ഷ എഴുതിയത്. അതിൽ മികച്ച മാർക്കോടെ എല്ലാവിഷയത്തിലും മിർഷാന വിജയിച്ചിട്ടുമുണ്ട്. ‘ക്ലാസിൽനിന്ന്‌ വിട്ടുനിന്ന ദിവസങ്ങളിൽ സങ്കടം മാത്രമാണുണ്ടായിരുന്നത്, എന്നും കരച്ചിൽ മാത്രം, മോട്ടിവേഷൻ വീഡിയോകൾ കണ്ടാണ് അതിനെ മറികടന്നത്’ -മിർഷാന പറയുന്നു.

‘എനിക്ക് കുറച്ച്‌ സമയം തന്നാൽ മതി, ഞാൻ എഴുന്നേറ്റു നടക്കുകതന്നെ ചെയ്യും. പത്താംതരം പരീക്ഷയിൽ എ പ്ലസ് നേടും, ഞാനൊരു അധ്യാപികയാകും,’ മിർഷാനയുടെ ഓരോ വാക്കിലും നിറയുന്നത് നിശ്ചയദാർഢ്യം.

തളർന്ന കൈകൾക്ക് ബലം വന്നതും ക്ലാസുമുറിയിലേക്ക് തിരികെയെത്തിയതും മിർഷാനയുടെ മനക്കരുത്തിന്റെ ബലമാണെന്നാണ് അധ്യാപകർ പറയുന്നത്. പഠനത്തിനൊപ്പം പ്രവൃത്തിപരിചയമേളയിൽ ജില്ലയിലടക്കം സമ്മാനം വാങ്ങിയ കുട്ടിയാണ് മിർഷാന.

മകളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പ്രവാസിയായിരുന്ന പിതാവ് കരീം ജോലി മതിയാക്കി നാട്ടിലെത്തി. ഇപ്പോൾ കൊട്ടക്കുന്നിലെ മദ്രസാധ്യാപകാനായി ജോലിചെയ്യുന്ന കരീം മകളെ സ്കൂളിലെത്തിക്കാനായി ഓട്ടോയും വാങ്ങി.

ഈ ഓട്ടോയിൽ സ്കൂളിലെത്തുന്ന മിർഷാന വീൽച്ചെയറിലാണ് ക്ലാസിലെത്തുന്നത്. ശരീരത്തിലുണ്ടായ മുറിവുകളാണ് ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നത്. ശരീരത്തിൽ രക്ത ഓട്ടം നിലച്ചതിനാൽ ഇത് ഉണങ്ങാൻ ബുദ്ധിമുട്ടാകുമെന്നാണ് ഡോക്ടർമാരും പറയുന്നത്.

സർക്കാറിന്റെ ശുഭയാത്രാപദ്ധതിയിൽ ഉൾപ്പെടുത്തി വീൽച്ചെയറിന് അപേക്ഷിച്ചെങ്കിലും കാസർകോട് ജനറൽ ആസ്പത്രിയിൽനിന്ന്‌ തഴയുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഈ കുട്ടിക്ക് എങ്ങനെ വീൽച്ചെയർ ഉപയോഗിക്കാനാകുമെന്ന് മിർഷാനയുടെ മുന്നിൽവെച്ചായിരുന്നു ചോദ്യം.

ജനറൽ ആസ്പത്രി അധികൃതർ തഴഞ്ഞതോടെ മൊഗ്രാൽ ഡയറിയെന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് മിർഷാനയ്ക്ക് ഇലക്‌ട്രോണിക് വീൽച്ചെയർ നൽകിയത്. ഇതുപയോഗിച്ചാണ് വീട്ടിനുള്ളിലെ സഞ്ചാരം.
mrishana-from-mogral-on-wheelchair-with-self-confidence

No comments