JHL

JHL

മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മഞ്ചേശ്വരം(True News 24 September 2019) :  കുണ്ടുകൊളക്കെ അവർ ലേഡി ഓഫ് മേഴ്സി ചർച്ച് നേരെയുണ്ടായ ആക്രമണ കേസാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി സംഭവത്തിനുശേഷം പള്ളിയിലെത്തി ഭാരവാഹികൾക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് എസ് പി ഓഫീസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പറയുന്നു. ഇതുസംബന്ധിച്ച നിർദ്ദേശം ജില്ലാ പോലീസ് ആസ്ഥാനത്ത് ലഭിച്ചു. ആഗസ്റ്റ്  19ന് പുലർച്ചെയാണ് ചർച്ചിന് നേരെ കല്ലേറുണ്ടായത്. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ബേഡകം ഇൻസ്പെക്ടർ ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. സൈബർസെല്ലിന് സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ ചോദ്യംചെയ്യുകയും എന്നാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അക്രമം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പ്രതിഷേധം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ പള്ളി ഭാരവാഹികളും വൈദികരും അറിയിക്കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ടുള്ള തീരുമാനമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ഹാജരാക്കാൻ ജില്ലാ പോലീസ് ചീഫ് അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയതായാണ് സൂചന.

No comments