JHL

JHL

കാസര്‍കോട് സ്റ്റേഡിയം അഴിമതി; വിജിലന്‍സ് അന്വേഷണം വേണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം മുഹമ്മദലി ഫത്താഹ്

കാസര്‍കോട്(True News 20 September 2019): മാന്യ മുണ്ടോടിലെ കെ.സി.എ. ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിവിവാദം വീണ്ടും ചൂടുപിടിക്കുന്നു. അഴിമതി സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മുന്‍ ക്രിക്കറ്റ് താരം കൂടിയായ മുഹമ്മദലി ഫത്താഹ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയ്ക്ക് മുതല്‍കൂട്ടാകുമായിരുന്ന സ്റ്റേഡിയം നിര്‍മ്മിക്കുമ്പോള്‍ നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് അസോസിയേഷന്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പേരില്‍ നടത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കല്‍ മുതല്‍ ഇന്ന് വരെ സ്റ്റേഡിയത്തില്‍ നടന്ന പ്രവൃത്തികളെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കിയാല്‍ ക്രമക്കേടുകള്‍ പുറത്ത് വരും. ഭൂമി വാങ്ങുമ്പോള്‍ ലീഗല്‍ ഒപ്പീനിയന്‍ എടുക്കുകയോ ഐ സ്‌കെച്ച് പരിശോധിക്കുകയോ ചെയ്തില്ലെന്നാണ് ഡി.സി.എ. സെക്രട്ടറിയായിരുന്ന ടി.എം ഇഖ്ബാല്‍ കെ.സി.എ.അന്വേഷണ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നത്. അസോസിയേഷന്റെ ഉത്തരവാദിത്വങ്ങളൊന്നും ചെയ്യാതെ മറ്റുള്ളവരുടെ പേരില്‍ പഴിചാരുന്നതിനാണ് ഇത്തരം മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ 32 സെന്റ് സ്ഥലവും തോടും സ്റ്റേഡിയം നിര്‍മ്മാണത്തില്‍ കൈയേറ്റം നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും ജില്ലയില്‍ നിന്നുള്ള കെ.സി.എ. അംഗം കെ.എം. അബ്ദുല്‍ റഹ്മാന്‍ അംഗമായിട്ടുള്ള അന്വേഷണ സമിതി അംഗീകരിക്കുകയും കെ.സി.എ. ഓംബുഡ്‌സ്മാന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിറ്റ ഉടമകളില്‍ നിന്നും ഒരു മാസത്തിനകം 17.50 ലക്ഷം രൂപ തിരിച്ച് പിടിക്കാനും കൂട്ടുനിന്ന അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സംഘടനാപരമായ നടപടി കൈക്കൊള്ളാനും 2018 ജൂലായ് 6ന് ഉത്തരവിട്ടിരുന്നു. ഓംബുഡ്‌സ്മാന്‍ വിധി കെ.സി.എ തന്നെ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. സി.പി.എം കാസര്‍കോട് ഏരിയ സെക്രട്ടറി കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് 109 സെന്റ് സ്ഥലം സര്‍ക്കാര്‍ ഭൂമി കൈയേറിയതായും തോടിന്റെ ഗതി മാറിയതായും കലക്ടര്‍ കണ്ടെത്തിയിരുന്നു. ഇതോടെ കാസര്‍കോട്ടെ ക്രിക്കറ്റ് പ്രേമികളുടെ ചിരകാല സ്വപ്‌നമായ ക്രിക്കറ്റ് സ്റ്റേഡിയം ചിലരുടെ അഴിമതി കാരണം നഷ്ടപ്പെടാന്‍ സാധ്യതയാണുള്ളതെന്നും ഫത്താഹ് പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കടവത്തും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

kasaragod-cricket-stadium-scam-vigilance-probe-demanded

No comments