JHL

JHL

അപ്രതീക്ഷിതമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ശങ്കര്‍ റൈയെ പ്രഖ്യാപിച്ചതോടെ ഇടതു കേന്ദ്രങ്ങളില്‍ ആവേശം


കാസര്‍കോട്(True News 26 September 2019): അപ്രതീക്ഷിതമായി  മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ശങ്കര്‍ റൈയെ വ്യാഴാഴ്ച്ച രാവിലെ പ്രഖ്യാപിച്ചതോടെ ഇടതു കേന്ദ്രങ്ങളില്‍ ആവേശം. ഔദ്യോഗിക തീരുമാനം പുറത്തു വന്നതോടെ ശങ്കര്‍ റൈയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി. സ്വന്തം നാട്ടില്‍ തന്നെയാണ് ആദ്യത്തെ പര്യടനം. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളില്‍ പ്രചാരണത്തിനിറങ്ങും. മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും എല്‍.ഡി.എഫിന് ഒരു പോലെ എതിരാളികളാണെങ്കിലും പ്രധാന എതിരാളി യു.ഡി.എഫാണെന്ന് സ്ഥാനാര്‍ത്ഥി തീരുമാനം പുറത്തു വന്നതോടെ ശങ്കര്‍റൈ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലീഗിലെ ഭിന്നത അവസാനം വരെ തുടരുകയാണെങ്കില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ സാഹചര്യമല്ല. ഇപ്പോഴുള്ളത്. മണ്ഡലത്തിന്റെ മനസ് ഇടതു പക്ഷത്തിനൊപ്പമാണ്. ശക്തമായ മത്സരം തന്നെ മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുമെന്നും എല്‍.ഡി.എഫ് ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സി.എച്ച്. കുഞ്ഞമ്പുവായിരിക്കും എല്‍.ഡി.എഫ്സ്ഥാനാര്‍ത്ഥി എന്നാണ് ബുധനാഴ്ച്ചവരെ കേട്ടതെങ്കിലും വ്യാഴാഴ്ച്ച രാവിലെയോടെ കഥ ആകെ മാറുകയായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ശങ്കര്‍ റൈയെ രാവിലെ ചേര്‍ന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗം സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരാണ് ഉയര്‍ന്നുവന്നത് എന്നാല്‍ കുഞ്ഞമ്പുവിന് താല്‍പ്പര്യമില്ല എന്നറിയിച്ചതോടെയാണ് ശങ്കര്‍ റൈയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. കന്നട മേഖലയില്‍ ശങ്കര്‍റൈക്കുള്ള സ്വാധീനം കൂടി പാര്‍ട്ടി പരിഗണിച്ചു. നേരത്തെ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനവും സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള പാലമായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാഡൂര്‍ എ.എല്‍.പി. സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ശങ്കര്‍റൈ യക്ഷഗാന, തുളു, കന്നട നാടക മേഖലകളില്‍ സജീവമായിരുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു.
കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച പ്രഭാഷകനാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്‌.
കർഷകനാണ്.  18-ാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തൻ മാസ്റ്ററുടെ നേതത്വത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
ഭാര്യ: കാവേരി. മക്കൾ‌: എ. സന്തോഷ്‌, രാജേഷ്, രശ്മി. അച്ഛൻ തിമണ്ണ റൈ  നാട്ടുവൈദ്യനാണ്. അമ്മ: ഗോപി. പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ മണ്ടപ്പാടിയിലാണ് താമസം.

No comments