JHL

JHL

സ്‌കൂൾ കലോത്സവം ; കാഞ്ഞങ്ങാട് ഒരുങ്ങി, ഇനി 61 ദിവസം

സ്‌കൂൾ കലോത്സവത്തിന്  ശനിയാഴ്ച സംഘാടകസമിതി രൂപീകരിക്കും. . മുന്നൊരുക്കത്തിന് തിരിതെളിയുന്ന സംഗമത്തിലേക്ക് മുഴുവൻ ജനവിഭാഗങ്ങളേയും ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് നഗരസഭയിലെ ജനപ്രതിനിധികളും ദിവസങ്ങളായി തിരക്കിലാണ്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെ തുടർന്നുള്ള പെരുമാറ്റച്ചട്ടമുണ്ടായതിനാൽ ശനിയാഴ്ചത്തെ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, മന്ത്രിമാർക്ക് പങ്കെടുക്കാനുള്ള അനുമതി അവസാനനിമിഷം തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നുണ്ടാകുകയും ചെയ്തു. ദിവസങ്ങൾ എണ്ണിപ്പറഞ്ഞാൽ കൃത്യം 61 ദിവസം മാത്രമാണ് കാത്തിരിക്കാനുള്ളത്. ഈ മേള കാസർകോട് ജില്ലയുടെ ഉത്സവമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇവിടത്തുകാർ. ക്ഷണക്കത്തുമായി പോകുന്നിടത്ത്‌ മാത്രമല്ല, എവിടെ പോയാലും ജനങ്ങളിൽ വലിയ ആവേശമാണ് നിറയുന്നതെന്ന് ബോധ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ പറഞ്ഞു.

നാലുദിവസം; 30 വേദികൾ

കഴിഞ്ഞ വർഷം പ്രളയക്കെടുതി ഉണ്ടായതിനാൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തെ എല്ലാ വർഷത്തേയും പോലെ ആഘോഷമാക്കിയിരുന്നില്ലെന്നും ഇക്കുറി വലിയ ആഘോഷമായി തന്നെ മേള കൊണ്ടാടുമെന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയരക്ടർ ആർ.എസ്.ഷിബു കാഞ്ഞങ്ങാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി രൂപവത്കരണത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ കലോത്സവത്തിന്റെ അതേ രീതിയിൽ തന്നെ ബജറ്റുണ്ടാക്കും.

മുൻകാലങ്ങളിൽ ഏഴു ദിവസമായിരുന്നു കലോത്സവം. അന്നൊക്കെ 15 സ്റ്റേജുകളേ പരമാവധി ഉണ്ടായിരുന്നുള്ളൂ. മേള നാലുദിവസമായി കുറച്ചെങ്കിലും മേളയുടെ കൊഴുപ്പ് കുറയില്ല. കാരണം, 30 വേദികളെങ്കിലും ഒരുക്കും -അദ്ദേഹം പറഞ്ഞു. ആസ്വാദകർക്ക് എത്തിച്ചേരാനുള്ള സൗകര്യവും അവർക്ക് ഇരുന്നുകാണാനുള്ള വിശാലതയുമൊക്കെ നോക്കിയാണ് വേദികൾ നിശ്ചയിക്കുന്നത്. മറ്റു കാര്യങ്ങളെല്ലാം ശനിയാഴ്ചത്തെ സംഘാടകസമിതി യോഗത്തിൽ വിശദീകരിക്കും -അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എം.കെ.ഷൈൻ മോഹൻ, പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.എസ്.ബിജി, കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ, പൊതുവിദ്യാഭ്യാസവകുപ്പിലെ സൂപ്രണ്ട് ഡി.എൻ.അജീവ്, ക്ലാർക്ക് കെ.ജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

പ്രധാന വേദി ഐങ്ങോത്ത്
ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് മുൻപിൽ പ്രധാന വേദിയൊരുക്കാൻ ആലോചന. ഒന്നിലേറെ തവണ അഖിലേന്ത്യാ പ്രദർശനമൊക്കെ നടന്ന സ്ഥലമാണിത്. ഇവിടെ പ്രധാന വേദിക്ക്‌ പുറമെ ഒന്നിലധികം വേദിയൊരുക്കാനും ആലോചനയുണ്ട്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളും നെഹ്രു കോളേജുമാണ് വലിയ വേദികളൊരുക്കാനുള്ള മറ്റു രണ്ടു കേന്ദ്രങ്ങൾ.

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേലാങ്കോട്ട് ഗവ. യു.പി. സ്കൂൾ, ലിറ്റിൽ ഫ്ളവർ ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ടൗൺഹാൾ, വിവിധ ഓഡിറ്റോറിയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വേദികൾ ഒരുക്കും. അന്തിമ തീരുമാനം ശനിയാഴ്ചത്തെ സംഘാടക സമിതിയോഗത്തിനു

ശേഷം പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയരക്ടർ ആർ.എസ്.ഷിബു, ജോയിന്റ് ഡയറക്ടർ എം.കെ.ഷൈൻമോഹൻ, പി.ആർ.ഒ. എസ്.എസ്.ബിജി, കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ, കെ.എസ്.ടി.എ. സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ.രാഘവൻ, കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മഹമൂദ്മുറിയനാവി, നഗരസഭാ ഉദ്യോഗസ്ഥൻ എ.വേണുഗോപാലൻ, വിദ്യാഭ്യാസവകുപ്പിലെ മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

രൂപരേഖ തയ്യാറാക്കിയും പട്ടണത്തിൽനിന്ന് ഓരോ ഇടത്തേക്കുമുള്ള കിലോമീറ്ററുകൾ എഴുതിേവെച്ചും ഉദ്യോഗസ്ഥർ സ്റ്റേജ്-സ്റ്റേജിതര മത്സരവേദികൾ ഏതൊക്കെ വേണമെന്ന് ഏകദേശ ധാരണയിലെത്തുകയും ചെയ്തു.

No comments