JHL

JHL

കൊപ്പളം റെയില്‍ അടിപ്പാലത്തിനു ഇനിയും റ്റെന്‍ഡര്‍ വിളിക്കാത്തത് റയില്‍വേയുടെ തികഞ്ഞ അനാസ്ഥ, എം പി കുമ്പളയെ അവഗണിച്ചതില്‍ പ്രതിഷേധം :കുമ്പള റയില്‍ പാസ്സഞ്ചര്‍സ് അസോസിയേഷന്‍


കുമ്പള(True News 20 September 2019): റയില്‍വേ  ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത്  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മറ്റെല്ലാ റെയില്‍വേ  സ്റ്റേഷനുകളുടെ കാര്യം പറഞ്ഞെങ്കിലും കുമ്പള സ്റ്റേഷന്റെ  സത്വര ശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ എം പി ഉന്നയിക്കാത്തതില്‍ കുമ്പള റെയില്‍വേ പാസ്സഞ്ചര്‍സ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്റ്റേഷന് സ്വന്തമായി മുപ്പത്തഞ്ചോളം ഏക്കര്‍ സ്ഥലം ഉണ്ട്. ദേശീയ പാതയില്‍ നിന്ന് നേരിട്ട് കടക്കാവുന്ന കേരളത്തിലെ ഒരേ ഒരു സ്റ്റേഷന്‍ ആയതുകൊണ്ട് തന്നെ എത്തിപ്പെടാനുള്ള സൌകര്യം പരിഗണിച്ചു വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം , മംഗല്പാടി , പൈവളികെ , കുമ്പള , പുത്തിഗെ, എന്മകജെ, ബദിയടുക്ക എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ   കാസറഗോഡ് നഗരസഭാ പരിധിയിലുള്ള കറന്തക്കാടു മുതലുള്ള യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ എച് എ എല്‍ , സി പി സി ആര്‍ ഐ എന്നിവക്കും ഏറ്റവും സൌകര്യത്തില്‍ എത്തിപ്പെടാന്‍ പറ്റുന്നത് കുമ്പള റെയില്‍വേ സ്റ്റെഷനിലേക്കാണ്. വെറും നാല് ജോഡി എക്സ്പ്രസ്സ്‌ വണ്ടികള്‍ മാത്രമേ ഇവിടെ നിര്‍ത്ത്ന്നുള്ള്വെങ്കിലും പ്രതി മാസം ഒന്‍പതു ലക്ഷത്തിലധികം വരുമാനം യാത്രാ ടിക്കറ്റില്‍ നിന്ന് മാത്രം ലഭിക്കുന്നുണ്ട്.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യം നല്‍കുന്നതോടൊപ്പം റെയില്‍വേ വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്നു .

ആവശ്യങ്ങൾ:

1.      എല്ലാ അനുമതികളും തയ്യാറായി , ആറു മാസം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അടച്ചിട്ടും മൊഗ്രാല്‍ കൊപ്പളം റെയില്‍  അടിപ്പാലത്തിനു ഇനിയും റ്റെന്‍ഡര്‍ വിളിക്കാത്തത് റയില്‍വേയുടെ തികഞ്ഞ അനാസ്ഥയാണ് . മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് ചെയ്തില്ലെങ്കില്‍ പണി  വീണ്ടും നീണ്ടു പോകും. 

2.      കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എക്സ്പ്രെസ്സ് വണ്ടികള്‍ കാസര്കൊട്ടെക്ക് നീട്ടണം എന്നുള്ളത്  അത്യുത്തര കേരളത്തിലെ ജനങളുടെ നീണ്ട കാലത്തെ ആവശ്യം കാസര്‍കോട്ട് സ്റ്റേഷനിലെ സ്ഥല പരിമിതി നിരസിക്കുകയായിരുന്നു. എന്നാല്‍ മംഗലാപുരത്തെ സ്ഥലപരിമിതിയും കൂടി കണക്കിലെടുത്ത് ആവശ്യത്തിനു സ്ഥലമുള്ള കാസര്കോട് നിന്ന് കേവലം പത്തു കിലോമീറ്റര്‍ അകലത്തുള്ള  കുമ്പള സ്റ്റേഷന്‍ വികസിപ്പിച്ചു കൊച്ചു വേളി പോലെ ടെര്‍മിനല്‍ സ്റ്റേഷന്‍ ആയി വികസിപ്പിചു കൂടുതല്‍ യാത്ര വണ്ടികള്‍ ഓടിക്കാന്‍ പറ്റും.

3.      ശരാശരി നാല്പതിലധികം വാഹനങ്ങള്‍ പ്രതിദിനം യാത്രക്കാര്‍ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയ്ക്കു യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ല. ടയര്‍ മോഷണം മുതല്‍ അനവധി കളവുകള്‍ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. പേ പാര്‍ക്ക്‌ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് സുരക്ഷ ലഭിക്കുന്നതോടൊപ്പം റയില്വേക്ക് വരുമാന വര്‍ദ്ധനവും ഉണ്ടാകും .

4.      ശാസ്ത്രീയമായ മഴവെള്ള നിര്‍ഗമന ചാലുകള്‍ സ്ഥാപികാത്തതിനാല്‍ സ്റ്റെഷനകത്ത് മഴക്കാലത്ത് ജലപ്രവാഹമാണ് . ഇക്കഴിഞ്ഞ മഴക്കാലത്ത് സ്റ്റെഷനകത്ത് കൂടി കുത്തിയൊലിച്ചു പോയ വെള്ളപ്പാച്ചിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. കുമ്പള പഞ്ചായത്തുമായി സഹകരിച്ചു ഇവിടെ ഡ്രെയിനേജ് സംവിധാനം ഒരുക്കേണ്ടതുണ്ട്.

5.      വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുന്നുറോളം വിദ്യാര്‍ഥികളും കച്ചവടത്തിന് പോകുന്ന അനവധി വ്യാപാരികളും കുംബളയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസയാത്രക്കാരായുണ്ട്. രാവിലെ ഒന്‍പതു മണിക്ക് അവിടെ എത്ത്തിച്ചേരേണ്ടവര്‍ക്ക് പക്ഷെ ആകെ ആശ്രയം കുത്തിനിറച്ചു പോകുന്ന ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ മാത്രമാണ്. വൈകുന്നേരം തിരിച്ചു വരുമ്പോളും ഇതെ അവസ്ഥയാണ്. ഈ ദുരവസ്ഥക്ക്  ശാശ്വത പരിഹാരമായി  16603/16604  മാവേലി എക്സ്പ്രസ്നു കുംബളയില്‍ ഒരു സ്റ്റോപ്പ്‌ അത്യാവശ്യമാണ്.

6.      മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ  നിരവധി മേഖലാ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉള്ളതിനാല്‍ രാവിലെ 10 മണിക്ക് മുമ്പ് അവിടെ എത്താന്‍ നിലവില്‍ ഒരു ട്രെയിന്‍ മാത്രമേ ഇവിടത്തുകാര്‍ക്കുള്ളൂ- പരശുരാം എക്സ്പ്രസ്സ്‌ .അത് മംഗലാപുരം വിട്ടാല്‍ 50 കഴിഞ്ഞു കാസര്‍കോട്ട് മാത്രമേ നിര്തുന്നുള്ളൂ. ഇത്രയും ദൂരം ഈ പകല്‍വണ്ടി നിര്‍ത്താതെ കൂകിപ്പായുന്ന  ഒരേ ഒരു പ്രദേശം ഇവിടെയാണ്‌. അതിരാവിലെ 5.40 നാണ് പരശുരാം എക്സ്പ്രസ്സ്‌  കാസര്‍കോട്ട് എത്തുന്നത്‌ എന്നതിനാല്‍ കേരളത്തിന്റെ വടക്കേ അറ്റം  മുതലുള്ള യാത്രക്കാര്‍ക്ക്  ബസ്‌ ഇല്ലാത്തതിനാല്‍ ആ നേരത്ത് കാസര്‍കോട്ട് എത്തിച്ചേരാന്‍ വലിയ പ്രയാസം നേരിടുന്നു. ഇതിനൊരു പരിഹാരമായി 16649  പരശുരാം എക്സ്പ്രസ്സ്‌ കുംബളയില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അതിനു തൊട്ടു ശേഷമുള്ള 56654 മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ അല്പം സമയമാറ്റം വരുത്തി  കാഞ്ഞങ്ങാട് വരെ പരശുരാം എക്ഷ്പ്രെസ്സിനു മുമ്പേ ഓടിക്കുകയോ ചെയ്യണം.   

7.       16512/16518 കണ്ണൂര്‍ - ബംഗലൂര്‍ എക്സ്പ്രസ്സ്‌ മംഗലാപുരത്ത് വൈകീട്ട് 7.05 നു എത്തി അവിടുന്നങ്ങോട്ട് യാത്ര തുടരുന്നത് രാത്രി 8.55 നു മാത്രമാണ്. രണ്ടു മണിക്കൂറോളം അവിടെ പിടിച്ചിടുന്ന ഈ വണ്ടിക്ക് കുമ്പളയില്‍ ഒരു സ്റ്റോപ്പ്‌ കൊടുത്താല്‍ യാത്രാ ഷെഡ്യൂളില്‍ യാതൊരു തടസ്സവും വരുന്നില്ല എന്ന് മാത്രമല്ല ബാംഗളൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഈ മേഖലയിലെ അനവധി യാത്രകാര്‍ക്ക് അനുഗ്രഹവും ആവും. ഇപ്പോള്‍ ബസിനെ ആശ്രയിക്കുന്ന ഇവര്‍ മുഖാന്തിരം റയില്‍ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. 

8.      പ്ലാറ്റ്ഫോമുകളുടെ രണ്ടറ്റത്തും ജനറല്‍ കോച്ചുകള്‍ ഉണ്ടാകുന്ന സ്ഥലത്ത് മേല്‍ക്കുര ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വെയിലും മഴയും കൊണ്ട് കഷ്ടപ്പെടുന്നു. പ്ലാറ്റ്ഫോം ഒന്നിലെങ്കിലും അടിയന്തിരമായി അറ്റങ്ങളില്‍ മേല്‍ക്കൂര സ്ഥാപിക്കണം.

9.      യാത്രക്കാര്‍ക്ക് വണ്ടികളുടെ പോക്കുവരവ് അടക്കം വിവരങ്ങള്‍ നല്‍കാന്‍ സ്റ്റേഷനില്‍ ഉച്ചഭാഷിണി ഉണ്ടെങ്കിലും കമ്പ്യൂട്ടര്‍ അനുബന്ധ സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവ ശബ്ദിക്കുന്നില്ല. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചു ഉച്ച ഭാഷിണി ഉപയോഗ്യമാക്കണം. 

10.  സ്റ്റാഫ്‌ ക്വാര്‍ടര്‍സ് കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു കിടക്കുന്നു . അവ നന്നാക്കി എടുത്താല്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

11.  പാലക്കാട്‌- പൊള്ളാച്ചി ട്രാക്ക് ബ്രോഡ്‌ ഗേജ് ആക്കിയ ശേഷം വടക്കന്‍ കേരളത്തില്‍ നിന്നും തീരദേശ കര്‍ണാടകയില്‍ നിന്നുമുള്ളവര്‍ക്ക്   തീര്‍ത്ഥാടന കേന്ദ്രങ്ങളായ പൊള്ളാച്ചി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍   പാകത്തില്‍ മംഗലാപുരം – രാമേശ്വരം വണ്ടി എന്ന ആവശ്യം ഉയരുകയും പാലാക്കാട് ഡിവിഷനില്‍ നിന്ന് പാലക്കാട്‌, പൊള്ളാച്ചി വഴി ഈ റൂട്ടില്‍ഒരു പ്രതിവാരവണ്ടിക്കുള്ള  നിര്‍ദ്ദേശം ഒരു വര്ഷം മുമ്പ് റയില്‍വേ ബോര്‍ഡിലേക്ക് പോയതുമാണ്. എന്നാല്‍ അതിന്മേല്‍ തുടര്‍ നടപടികള്‍ കാണുന്നില്ല . ഇക്കാര്യത്തിലും എം പി യുടെ ഭാഗത്ത്‌ നിന്ന് സമ്മര്‍ദ്ദമുണ്ടാകണമെന്നു കുമ്പള റയില്‍ പാസ്സഞ്ചര്‍സ് അസോസിയേഷന്‍  പ്രസിഡണ്ട്‌ നിസാര്‍ പെറുവാഡ് ആവശ്യപ്പെട്ടു.

No comments