ബദിയടുക്കയിലെ മോഷണ പരമ്പര; പോലീസ് നിഷ്ക്രിയത്വം തുടരുന്നു; പ്രതികളെ നാട്ടുകാർ പിടിച്ചു പോലീസിലേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
ബദിയഡുക്ക (True News, Sept25, 2019): കെട്ടിട നിര്‍മാണ കരാറുകാരന്റെ പണവും രേഖകളും കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ഭഗവതി നഗറിലെ മുഹമ്മദ് രിഫായി(21), പട്ട്ളയിലെ സുധീഷ്(19)എന്നിവരെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിടനിര്‍മാണ കരാറുകാരനായ പടലടുക്കയിലെ അബ്ദുള്‍ റസാഖിന്റെ 8,000 രൂപയും തിരിച്ചറിയല്‍, ആധാര്‍ കാര്‍ഡ്, ലൈസന്‍സ് അടങ്ങുന്ന പഴ്സും കവര്‍ച്ച ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. മാന്യ സംസം നഗറില്‍ കെട്ടിടനിര്‍മാണ ജോലിക്കിടെ അബ്ദുൾ റസാഖ് കെട്ടിടത്തിന് താഴെ അഴിച്ചുവച്ച ഷര്‍ട്ടില്‍ നിന്നാണ് പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷണം പോയത്.
ഈ സമയം കെട്ടിടത്തിന് സമീപം ചുറ്റിക്കറങ്ങുകയായിരുന്ന രണ്ടുപേരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുയര്‍ന്നിരുന്നു. മോഷണത്തിനു ശേഷം രണ്ടുപേരും സ്ഥലംവിടുകയാണുണ്ടായത്.
ഇവരുടെ നീക്കങ്ങള്‍ നാട്ടുകാര്‍ നിരീക്ഷിച്ചുവരുന്നതിനിടെ നീര്ച്ചാല് ഏണിയര്‍പ്പിലെ ഒരു വീടിനു സമീപം സംശയസാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരെ പരിസരവാസികള്‍ തടഞ്ഞുവച്ച് ചോദിച്ചപ്പോഴാണ് മോഷ്ടാക്കളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Post a Comment