JHL

JHL

വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

ബോവിക്കാനം (True News 3 December 2019): ‌റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നു മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. സുള്ള്യ ഗാന്ധിനഗർ സ്വദേശിയും നെല്ലിക്കട്ട ബേർക്ക ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ജി. ബഷീറാ (37)ണ് പിടിയിലായത്.  കാനത്തൂർ മുച്ചിരക്കുളത്തെ ലളിതയുടെ മാല തട്ടിപ്പറിക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെ കോട്ടൂരിൽ നാട്ടുകാർ റോഡ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കാനത്തൂരിനും കോളിയടുക്കത്തിനും ഇടയിലാണ് സംഭവം. കാനത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിലെ വാർഷിക ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു ലളിത.  അയൽവാസികളായ 2 സ്ത്രീകളും കൂടെയുണ്ടായിരുന്നു. കാനത്തൂർ ടൗൺ കഴിഞ്ഞ് കുറച്ച് മുന്നോട്ടുപോയപ്പോൾ എരിഞ്ഞിപ്പുഴ ഭാഗത്ത് നിന്നെത്തിയ ബഷീർ സ്കൂട്ടറിന്റെ വേഗത കുറച്ചതും ലളിതയുടെ മാല പൊട്ടിച്ചതും പെട്ടെന്നാണ്. ലളിത മാലയിൽ മുറുകെ പിടിച്ചപ്പോൾ ഉപേക്ഷിച്ച് പ്രതി സ്കൂട്ടറിൽ കടന്നു കളഞ്ഞു. ഇയാൾ പോകാൻ സാധ്യതയുള്ള ഇരിയണ്ണിയിലേക്കും കോട്ടൂരിലേക്കും ഉടൻ തന്നെ നാട്ടുകാർ വിവരം നൽകി.   നാട്ടുകാർ സംഘടിച്ചു നിൽക്കുന്നതിനിടെ ഇയാൾ കോട്ടൂരിലെത്തുകയും അവരുടെ കയ്യിൽ പെടുകയുമായിരുന്നു. വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ നിന്നു വീണ് പരുക്കേറ്റു. നാട്ടുകാർ ചോദിച്ചപ്പോൾ ഇയാൾ നിഷേധിച്ചെങ്കിലും ലളിത എത്തി തിരിച്ചറിഞ്ഞതോടെ പൊലീസിനു കൈമാറി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പ്രതിയെ ചോദ്യം ചെയ്യുകയാണ് പൊലീസ്. 3 ഷർ‌ട്ടുകൾ, ഒരു കത്തി  പിടിയിലാകുമ്പോൾ ബഷീറിന്റെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് ഒരു ഷർട്ടും 2 ടീ ഷർട്ടുകളും. കവർച്ചയ്ക്കു ശേഷം മാറി ധരിക്കാൻ വേണ്ടിയുള്ളതാണ് ഇവ. അഡൂരിൽ കവർച്ച നടത്തുമ്പോൾ ധരിച്ച ഷർട്ടും ഇതിൽ ഉണ്ടായിരുന്നു. അത് കവർച്ചയ്ക്ക് ഇരയായ സ്ത്രീ തിരിച്ചറിഞ്ഞു.  ഇന്നലെ കാനത്തൂരിൽ കവർച്ചാ ശ്രമത്തിനു ശേഷം ഇയാൾക്കു ഷർട്ട് മാറാൻ സമയം കിട്ടിയിരുന്നില്ല. കാനത്തൂരിനും കോട്ടൂരിനും ഇടയിൽ റോഡരികിൽ അടുത്തടുത്ത് വീടുകൾ ഉണ്ട്. ഇതിനൊപ്പം ഒരു കത്തിയും ഉണ്ടായിരുന്നു. 6800 കിലോമീറ്റർ ഓടിയെങ്കിലും സ്കൂട്ടർ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല. നമ്പർ പ്ലെയ്റ്റ് ഇല്ലാതെയായിരുന്നു ഓട്ടം മുഴുവൻ. ഭാര്യയുടെ പേരിലാണ് സ്കൂട്ടർ വാങ്ങിച്ചത്.  ചുവന്ന സ്കൂട്ടർ! ഒരേസമയം പൊലീസിനു തലവേദനയും സ്ത്രീ യാത്രക്കാർക്ക് പേടിസ്വപ്നവുമായ മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ ശേഷം തെളിയാതെ കിടന്നിരുന്ന 4 മാലമോഷണക്കേസുകളിലാണ് ബഷീർ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.  കഴിഞ്ഞ ഒക്ടോബർ 13 നു മുളിയാറിലെ സുശീലയുടെ 3 പവൻ മാല, കഴിഞ്ഞ ബുധനാഴ്ച അഡൂർ അടുക്കത്തെ സാവിത്രിയുടെ ഒന്നേകാൽ പവൻ മാല, ഒക്ടോബർ ഒന്നിന് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോസാഡയിലെ ഭാഗിയുടെ രണ്ടര പവന്റെ മാല, ഒക്ടോബർ 27 ന് നെക്രാജെ ആലംകുഡ്‌ലുവിലെ ഗീതാമണി കെ. ഭട്ടിന്റെ രണ്ടു പവന്റെ മാല എന്നിവ കവർന്നത് താനാണെന്നാണ് പ്രതി സമ്മതിച്ചു.  കേവലം 2 മാസത്തിനുള്ളിൽ ഇത്രയും കവർച്ച നടത്തിയ പ്രതി കൂടുതൽ കവർച്ചകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.  ചെർക്കള പാടിയിൽ നിന്നു വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഇയാൾ പിടിയിലായിരുന്നു. ഇതൊഴിച്ചാൽ വേറെ കേസുകളില്ലെന്നാണ് സൂചന. കുമ്പള, മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ സമാനമായ നിരവധി സംഭവങ്ങൾ അടുത്തകാലത്ത് നടന്നിരുന്നു. സ്കൂട്ടറിലെത്തി മാലമോഷ്ടിച്ച് രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി.  മുളിയാറിലെ സുശീലയുടെ മാല മോഷ്ടിച്ച കേസിൽ ഇയാളുടെ സ്കൂട്ടറിനെക്കുറിച്ച് അവർ കൃത്യമായ സൂചന നൽകിയിരുന്നു.   ചുവപ്പ് നിറത്തിലുള്ള സ്കൂട്ടർ ആണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിസി ക്യാമറകൾ പിന്തുടർന്ന് നെല്ലിക്കട്ടയിലേക്ക് സ്കൂട്ടർ എത്തുന്നത് വരെയുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം നിലച്ചു. അതിനിടെ കഴിഞ്ഞ ദിവസം അഡൂരിൽ കവർച്ചയ്ക്കിരയായ സാവിത്രിയും ചുവന്ന സ്കൂട്ടറിനെക്കുറിച്ച് വെളിപ്പെടുത്തി.

No comments