JHL

JHL

എ ടി എം തട്ടിപ്പ് ; പിടിയിലായത് അന്താരാഷ്ട്ര തട്ടിപ്പ് സംഘം

കാസർകോട്(True News 4 March 2020): എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ കാസറഗോഡ് പിടിയിലായത് അന്താരാഷ്ട്ര ബന്ധമുള്ള തട്ടിപ്പു സംഘം. വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി  വ്യാജ കാർഡുകൾ ഉപയോഗിച്ച് എടിഎം കൗണ്ടറുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ 3 മലയാളികൾ ഉൾപ്പെടെ 4 പേരെയാണ് കഴിഞ്ഞ ദിവസം കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്. .  തമിഴ്നാട് തൃശ്ശിനാപള്ളി ഇനാംദാർ തോപ്പിലെ പി.ജയറാം (30), കോട്ടയം രാമപുരം ഏഴാച്ചേരിയിലെ സന്തു എസ്. നെപ്പോളിയൻ (21), കോഴിക്കോട് കോടഞ്ചേരി ആശാരി കുടിയിൽ ഹൗസിൽ അഖിൽ ജോർജ് (27), കണ്ണൂർ ആലക്കോട് കാരിക്കയം മണക്കടല് കാപ്പിൽ ഹൗസിൽ കെ.ബി. ആൽബിൻ (25) എന്നിവരെയാണ് സിഐ സി.എ. അബ്ദുൽറഹീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.   ഇവർ സഞ്ചരിച്ച കാറും 17 എടിഎം കാർഡുകളും  ലാപ്ടോപും സ്വൈപ്പിങ് മെഷീനും മൊബൈൽ ഫോണും10,000 രൂപയും പിടിച്ചെടുത്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.  ടൗൺ പൊലീസ് സ്റ്റേഷനു സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ എത്തിയ  സംഘം വ്യാജ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ  സംശയം തോന്നിയ പരിസരവാസികൾ  പൊലീസിൽ  വിവരം അറിയിക്കുകയായിരുന്നു. തുടർന്നു  പൊലീസ് എത്തി  കൗണ്ടറിന്റെ അകത്ത് നിന്ന് ഒരാളെയും  സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നു 3 പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ്  തെളിഞ്ഞത്.  സംഘത്തിന്റെ സൂത്രധാരനായ  ജയറാമിനെതിരെ സമാനരീതിയിലുള്ള രണ്ടു കേസുകൾ തമിഴ്നാട്ടിലുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐമാരായ ഷേയ്ഖ് അബ്ദുൽറസാഖ്, കെ.അജിത എന്നിവർ പറഞ്ഞു.  വ്യാജ കാർഡ് ഉപയോഗിച്ച് 50 ലക്ഷത്തിലേറെ രൂപ ഇതിനകം  ബാങ്കുകളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വ്യാജ  കാർഡ്  ഉപയോഗിച്ച്   കടകളിൽ നിന്നു വാങ്ങിയിട്ടുണ്ട്.   കാനഡയിലുള്ള ബന്ധുവാണ്  വൻകിട കമ്പനികളുടെയും വ്യക്തികളുടെയും  ബാങ്ക് വിവരങ്ങൾ ചോർത്തി ജയറാമിന്  നൽകുന്നത്. കൂടുതലും തട്ടിപ്പിനിരയായത് വിദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഗോവയിലേക്ക് പോകുന്ന വഴിയാണ് പണം പിൻവലിക്കാൻ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിലെത്തിയതെന്നും പൊലീസ് പറഞ്ഞു.


No comments