JHL

JHL

കൊച്ചു കുട്ടികളുടെ കൂട്ട മരണം ; നൊമ്പരക്കാഴ്ചയായി ഒരു ഗ്രാമം

കാഞ്ഞങ്ങാട്(True News 1 May 2020) : വീട്ടുമുറ്റത്തും അകത്തളങ്ങളിലും ചിരിച്ചും കളിച്ചും കഴിഞ്ഞ പിഞ്ചുകുട്ടികൾ. അല്പനേരംമുമ്പ് വരെ ഓടിക്കളിച്ച ഈ കുട്ടികളെ പെട്ടെന്ന് വിറങ്ങലിച്ചു കിടക്കുന്നത് കണ്ട വീട്ടുകാർക്കൊപ്പം ബാവാനഗറിലെ നാട്ടുകാരും പൊട്ടിക്കരയുന്ന കാഴ്ച. ഒരുവീട്ടിലെ മൂന്നു കുട്ടികൾ മരിച്ചതറിഞ്ഞ് ബാവാനഗറിലെ ആ വീട്ടിലേക്കും കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലേക്കും ആളുകൾ ഓടിയെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരവരെ ഇവർ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയൽപക്കക്കാരും കണ്ടതാണ്. പെട്ടെന്നാണ് കുട്ടികൾ കൺമുന്നിൽനിന്ന്‌ മാഞ്ഞതെന്ന് പൊട്ടിക്കരയുന്നതിനിടെ വീട്ടുകാർ പറയുന്നു. സാധാരണ വീടിനപ്പുറത്തേക്കെല്ലാം ഇവർ നടന്നുപോകാറുണ്ട്. കളിക്കുന്നതിനിടെ അങ്ങോട്ടുമിങ്ങോട്ടും മാറുന്നതിനാൽ പെട്ടെന്ന് കൺമുന്നിൽനിന്ന്‌ കാണാതായപ്പോഴും വീട്ടുകാർ കാര്യമാക്കിയില്ല. നോമ്പുതുറ സമയത്ത് ഒരു ചാറ്റൽമഴ ഉണ്ടായിരുന്നു. ഈ സമയത്താണ് മക്കളെത്തേടി വീട്ടുകാർ പുറത്തേക്കിറങ്ങിയത്.
പതിവായി കളിക്കുന്നിടത്തൊന്നും കാണാതായപ്പോൾ അയൽപ്പക്കക്കാരെല്ലാം തിരച്ചലിനൊപ്പം ചേർന്നു. ചിലർ ഈ വെള്ളക്കെട്ടിനടുത്തേക്ക് പോയി. അപ്പോഴാണ് രണ്ടു കുട്ടികൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. അലറിവിളിച്ച് അവർ അതിലേക്ക് ചാടി. മൂന്നാമത്തെ കുട്ടി ചളിയിൽ താഴ്ന്നുപോയിരുന്നു. മുന്നുപേരെയുമെടുത്ത് ആസ്പത്രിയിലേക്ക് ഓടി. കടപ്പുറം ഭഗവതിക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കും ഈ വെള്ളക്കെട്ടിലെ വെള്ളം ഉപയോഗിക്കാറുണ്ട്. അതിനാൽ കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ട് വൃത്തിയാക്കിയിരുന്നു. അരയോളം വെള്ളമുണ്ട്.
 ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്റൂഫയുടെയും മകൻ മുഹമ്മദ് ബാഷിർ (4), ബന്ധു നാസറിന്റെയും താഹിറയുടെയും മകൻ അജ്നാസ് (6), നാസറിന്റെ സഹോദരൻ സാമിറിന്റെയും റസിയയുടെയും മകൻ മുഹമ്മദ് മിസ്ഹബ് (6) എന്നിവരാണു മരിച്ചത്.  
നോമ്പുതുറ കഴ‍ിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് 100 മീറ്റർ അകലെയുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരും കളിക്കാനിറങ്ങിയതാണ്. ഇതിനിടെ വൈകിട്ട് മഴ പെയ്തു. ഈ സമയം കുട്ടികൾ സമീപ വീടുകളിൽ ഉണ്ടാകുമെന്നു കരുതി. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദുരന്തമറിയുന്നത്. അജ്നാസും മിസ്ഹബും കടപ്പുറം പിപിടിഎസ്എൽപി സ്കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്.

No comments