JHL

JHL

ഇഴ ജന്തുക്കൾക്ക് താവളവും,മാലിന്യ നിക്ഷേപത്തിന് കേന്ദ്രവുമായി കാടിയം കുളം; ഈ ജലസമൃദ്ധി നശിപ്പിക്കരുതെന്ന് നാട്ടുകാർ.

മൊഗ്രാൽ(www.truenewsmalayalam.com) : മൂന്ന് പതിറ്റാണ്ട് കാലമായി നാശത്തിന്റെ വക്കിലുള്ള ശുദ്ധജല സ്രോതസ്സായ മൊഗ്രാൽ കായംകുളത്തിന് പുതുജീവൻ ലഭിക്കുമോ.

പ്രദേശത്ത് ത്രിതല പഞ്ചായത്തും, സർക്കാറും ലക്ഷങ്ങൾ ചിലവഴിച്ച ശുദ്ധജല പദ്ധതികളൊക്കെ നോക്കുകുത്തിയായി നിൽക്കുന്നു. ഒപ്പം പരിസര പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തി കാടി യംകുളത്ത് ഇഴജന്തുക്കളുടെ താവളവും,മാലിന്യ നിക്ഷേപത്തിന് കേന്ദ്രവുമായി മാറിയിട്ടുണ്ട്.

 മൊഗ്രാൽ പ്രദേശവാസികൾക്ക് മൊത്തത്തിൽ ശുദ്ധജലം ലഭ്യമാക്കാനുള്ള ജലസ്രോതസ്സ് കാടിയം കുളത്തുണ്ട്. വേനൽക്കാലത്ത് പോലും ജലസമൃദ്ധിയുള്ള പ്രദേശമാണ് കായംകുളം. എന്നിട്ടുപോലും പ്രഖ്യാപിച്ച പദ്ധതികളൊക്കെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മൊഗ്രാൽ ദേശീയപാതയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ളതും, മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,യൂനാനി ഡിസ്പെൻസറി, അംഗൻവാടി എന്നീ സർക്കാർ സ്ഥാപനങ്ങൾ ക്കടുത്തായിട്ടാണ്  കാടിയംകുളം പ്രദേശം സ്ഥിതി ചെയ്യുന്നത്. എന്നിട്ടുപോലും സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. മുപ്പതോളം സെന്റ് സ്ഥലത്താണ് കാടിയം കുളം സ്ഥിതിചെയ്യുന്നത്.

 വാർഡ് മെമ്പർ റിയാസ് മൊഗ്രാലിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. ഇതിലും യാതൊരു തുടർനടപടികളും ഉണ്ടായില്ല. ഇത്തരം ജലസമൃദ്ധികളെ സംരക്ഷിക്കാൻ ഒട്ടനവധി പദ്ധതികൾ സർക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കാടിയംകുളത്തിന്റെ സംരക്ഷണത്തിനായി ഒന്നും എത്തുന്നില്ല. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മിഷൻ അമൃത് സരോവർ പദ്ധതി, നവകേരളം കർമ്മ പദ്ധതിയായ "തെളിവു നീരൊഴുക്കും നവകേരളം പദ്ധതി,ബ്ലോക്ക് പഞ്ചായത്തിന്റെ മിഷൻ വാട്ടർ കൺസർവേഷൻ പദ്ധതി, സംസ്ഥാന സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതി ഇവയിലൊന്നും കാടി യംകുളത്തെ പരിഗണിച്ചതേയില്ല. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 നാട്ടുകാർ പറയുന്നത് ഇങ്ങനെ: ശുദ്ധജല പദ്ധതി നടപ്പിലാക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് താൽപര്യമില്ലെങ്കിൽ കുളം നികത്തി സമീപത്തെ സ്കൂൾ,അംഗൻവാടി കുട്ടികൾക്ക് കളിക്കാൻ ചിൽഡ്രൻസ് പാർക്ക് ഒരുക്കുക, അതല്ലെങ്കിൽ കുളം നവീകരിച്ച് നീന്തൽ പരിശീലനത്തിനായി  സംവിധാനമൊരുക്കുക, യൂനാനി ആശുപത്രിക്ക് കിടത്തി ചികിത്സയ്ക്കാ വശ്യമായ കെട്ടിടം നിർമ്മിക്കുക, ഇശൽ ഗ്രാമത്തിന് സർക്കാർ അനുവദിച്ച മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രത്തിന് സ്വന്തമായി കെട്ടിട സൗകര്യത്തിന് സ്ഥലംവിട്ടു നൽകുക ഇങ്ങനെയുള്ള നിർദ്ദേശങ്ങളാണ് നാട്ടുകാരും പരിസരപ്രദേശവാസികളും മുന്നോട്ടുവെക്കുന്നത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments