JHL

JHL

സൂപ്പർ കപ്പ് : തുല്യ ശക്തികൾ തമ്മിലുള്ള രണ്ടാം ദിനത്തിലെ മത്സരങ്ങൾ മികവാർന്നതായി


മൊഗ്രാൽ (www.truenewsmalayalam.com) :ജില്ലയിലെ തന്നെ മുത്തശ്ശി ക്ലബ് ആയി അറിയപ്പെടുന്ന നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബ് സാരഥ്യമരുളുന്ന സൂപ്പർ കപ്പ്‌ -സീസൺ 3 യുടെ രണ്ടാം ദിനത്തെ മത്സരങ്ങൾ തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകർക്ക് വിഭവസമൃദ്ധമായ വിരുന്നായി മാറി. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായതിനാൽ നാലിൽ മൂന്ന് മത്സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്.മിക്ക ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ചത് കാണികളിൽ ആവേശം നിറച്ചു.

എഫ് സി മറക്കാനയും ക്ലൈമാക്സ്‌ എഫ് സിയും തമ്മിൽ നടന്ന രണ്ടാം ദിവസത്തിലെ ആദ്യ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത് .വീറും വാശിയും മികച്ച പന്തടക്കവും കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കാൽപന്ത് കളിയുടെ മനോഹാരിതക്കൊപ്പം താരങ്ങൾ പരുക്കൻ അടവുകൾ കൂടി പുറത്തെടുത്തതിനാൽ റഫറിക്ക് നിരന്തരം മഞ്ഞ കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു.

കളിയിലെ കേമനായി മികച്ച സേവുകൾ നടത്തിയ ക്ലൈമാക്സ്‌ എഫ് സിയുടെ ഗോൾ കീപ്പർ അശബ് തെരഞ്ഞെടുക്കപ്പെട്ടു.

ആവേശം അലതല്ലിയ രണ്ടാം മത്സരത്തിൽ ഡ്യൂഡ്സ് മൊഗ്രാലും എഫ് സി കെ മൊഗ്രാലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

കളിയുടെ ഏഴാം മിനുട്ടിൽ സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സനിലൂടെ ഡ്യൂഡ്സ് മൊഗ്രാൽ മുന്നിലെത്തിയെങ്കിലും അടുത്ത മിനുട്ടിൽ തന്നെ അംബ്രു എഫ് സി കെ ക്ക് വേണ്ടി ഗോൾ തിരിച്ചടിച്ചു.

ഗോൾ എന്ന് ഉറച്ച നിരവധി ഷോട്ടുകൾ ഡ്യൂഡ്സ് ഗോൾകീപ്പറും ഐ എസ് എൽ താരവുമായ മിർഷാദ് മനോഹരമായി സേവ് ചെയ്തിരുന്നില്ലായെങ്കിൽ ഫലം മറിച്ചാകുമായിരുന്നു.

എഫ് സി കെ യുടെ വിഷ്ണു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

സെമിഫൈനൽ പ്രവേശനത്തിന് വിജയം അനിവാര്യമാണെന്ന ഉത്തമബോധ്യത്തോടെ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത അത്യന്ത്യം വാശിയേറിയ മൂന്നാമത്തെ മത്സരത്തിൽ സിറ്റിസൻ എഫ് സി മൊഗ്രാലിനെ ഏകപക്ഷീയമായ ഒരു ഗോളിന് ലൂസിയ ടൗൺ ടീം മൊഗ്രാൽ പരാജയപ്പെടുത്തി. ടീം ലൂസിയക്ക് വേണ്ടി അജ്ജു വിജയ ഗോൾ നേടി. കളിയിലെ കേമനായി ലൂസിയ ടൗൺ ടീമിലെ അൽഫാസ് തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ദിവസത്തെ അവസാന മത്സരത്തിൽ ഗല്ലി ഇന്ത്യൻസും സ്മാർട്ട്‌ മൊഗ്രാലിയൻസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ആദ്യ കളിയിലെ വിജയം നൽകിയ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇരു ടീമുകൾക്കും കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല.

സ്മാർട്ട്‌ മൊഗ്രാലിയൻസിന്റെ തുരുപ്പുച്ചീട്ടായ ഹഖ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി.

ഇന്ന് നടക്കുന്ന മത്സര ഫലങ്ങൾ കൂടി പുറത്ത് വന്നാലേ സെമിഫൈനൽ ചിത്രം വ്യക്തമാവുകയുള്ളൂ.

✒️T.K Anwar

No comments