JHL

JHL

മൊഗ്രാൽ സൂപ്പർകപ്പ് വീക്ഷിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; സെമി ഫൈനൽ ചിത്രം തെളിഞ്ഞു, ഇനി ജീവന്മരണ പോരാട്ടങ്ങൾ.

മൊഗ്രാൽ(www.truenewsmalayalam.com)  : മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ കുതിപ്പിന് മാറ്റ് കൂട്ടി അരങ്ങേറിക്കൊണ്ടിരിക്കുന്ന മൊഗ്രാൽ സൂപ്പർ കപ്പ്‌ വീക്ഷിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ!! സെമിഫൈനൽ ചിത്രം വ്യക്തമായതോടെ ഇനി ജീവന്മരണ പോരാട്ടമായിരിക്കും ലൂസിയ സ്റ്റേഡിയത്തിൽ അരങ്ങേറുക.

കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ മൂന്നാം ദിനത്തിലെ ആദ്യ മത്സരത്തിൽ ലൂസിയ ടൗൺ ടീം മൊഗ്രാൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കെ.എഫ്. സി സ്മാർട്ട്‌ മൊഗ്രാലിയൻസിനെ പരാജയപ്പെടുത്തി.വിജയികൾക്ക് വേണ്ടി ജുന്ന, മശൂഖ് എന്നിവർ ഗോൾ നേടി. കളിയിലെ കേമനായി ലൂസിയ ടൗൺ ടീമിലെ മശൂഖ് തെരഞ്ഞെടുക്കപ്പെട്ടു.

ആവേശം അലതല്ലിയ അത്യുജ്ജലമായ രണ്ടാം മത്സരത്തിൽ എഫ്. സി മറക്കാന മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് 

എഫ് സി കെ മൊഗ്രാലിനെ പരാജയപ്പെടുത്തി.

ആദ്യാന്ത്യം വീറും വാശിയും നിറഞ്ഞുനിന്ന മത്സരം കാൽപന്ത് കളിയുടെ സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു.

എഫ് സി മറക്കാനക്ക് വേണ്ടി ഫയാസ് രണ്ട് ഗോളുകളും സന്തോഷ്‌ ട്രോഫി താരം ഷഹാമത്ത് ഒരു ഗോളും നേടി. മാൻ ഓഫ് ദി മാച്ച് അവാർഡിന് കളം നിറഞ്ഞുകളിച്ച മറക്കാന താരം ഫയാസ് അർഹനായി.

മനോഹരമായ പാസുകളിലൂടെയുള്ള മുന്നേറ്റം കൊണ്ട് ശ്രദ്ധേയമായ മൂന്നാമത്തെ മത്സരത്തിൽ സിറ്റിസൻ എഫ് സി യും ഗല്ലി ഇന്ത്യൻസും തമ്മിൽ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

സാവിയോ നേടിയ മനോഹരമായ ഗോളിലൂടെ സിറ്റിസൻ എഫ് സി മുന്നിലെത്തിയെങ്കിലും ഷാഹുലിലൂടെ ഗല്ലി ഇന്ത്യൻസ് തിരിച്ചടിച്ചത് മൈതാനത്ത് ആവേശം നിറഞ്ഞൊഴുകി.

കളിയിലെ കേമനായി ഗല്ലി ഇന്ത്യൻസിലെ സന്തോഷ്‌ ട്രോഫി താരം ഫസ്‌ലുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.

ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം കൊണ്ട് ഗാലറിയെ ആവേശഭരിതമാക്കിയ അർദ്ധരാത്രി നടന്ന ഗ്രൂപ്പ്‌ ലീഗിലെ അവസാന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഡ്യൂഡ്സ് മൊഗ്രാൽ ക്ലൈമാക്സ്‌ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്  പരാജയപ്പെടുത്തി.

 ഡ്യൂഡ്സിന് വേണ്ടി കൊറിയ, ഷുഹൈൽ എന്നിവർ ഗോൾ നേടിയപ്പോൾ ക്ലൈമാക്സിന് വേണ്ടി ഐക്കൻ താരം ദിൽഷാദ് ആശ്വാസ ഗോൾ നേടി. വീരുറ്റ പോരാട്ടം നടത്തി മത്സരം ജയിച്ചിട്ടും ഗോൾ ശരാശരിയിൽ ഡ്യൂഡ്സ് മൊഗ്രാൽ സൂപ്പർ കപ്പിൽ നിന്ന് പുറത്തായത് ടീം ആരാധകരെ നിരാശയിലാഴ്ത്തി.

ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷരീഫ്, അൽ മുതക്കമ്മൽ ഗ്രൂപ്പ്‌ എം.ഡി മുനീർ കുഞ്ഞഹമ്മദ്, വി. പി. പി ഷുഹൈബ്, സാലി കീഴുർ, എം എസ് സി പ്രസിഡന്റ്‌ അൻവർ അഹ്‌മദ്‌, സെക്രട്ടറി ആസിഫ് ഇഖ്‌ബാൽ, ട്രഷറർ റിയാസ് മൊഗ്രാൽ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

സെമിഫൈനൽ ചിത്രം വ്യക്തമായതോടെ ഇന്ന്  നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ പൂൾ എ ജേതാക്കളായ ലൂസിയ ടൗൺ ടീം, പൂൾ ബി രണ്ടാം സ്ഥാനക്കാരായ ക്ലൈമാക്സ്‌ എഫ് സിയെ നേരിടും.

രണ്ടാം സെമിയിൽ പൂൾ ബി ജേതാക്കളായ മറക്കാന എഫ് സി, പൂൾ എ രണ്ടാം സ്ഥാനക്കാരായ ഗല്ലി ഇന്ത്യൻസുമായി കൊമ്പുകോർക്കും.


✒️ ടി.കെ അൻവർ

No comments