JHL

JHL

മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. 

 പൈവളിഗെ കൊമ്മങ്കളയിൽ പ്രഭാകര നോണ്ട (42) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സഹോദരൻ ജയറാം നോണ്ട (47), മൊഗ്രാൽപുത്തൂരിലെ ഇസ്മായിൽ (28), അട്ടഗോളിയിലെ ഖാലിദ് (35) എന്നിവരെയാണ് ഡിവൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

 ആറംഗ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയതെന്നും മൂന്നുപേർ കൂടി പിടിയിലാകാനാണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികളിലൊരാളായ ജയറാം നോണ്ടയെ കൊമ്മങ്കളയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇയാളുടെ മൊഴിയിലാണ് കൊലപാതകത്തിലെ ക്വട്ടേഷൻ ബന്ധം വെളിപ്പെട്ടത്.

 കൊലപാതകം നടന്നതിന് പിന്നാലെ ജയറാം നോണ്ടയെ കാണാതായിരുന്നു. തലേന്നാൾ വീട്ടിലുണ്ടായയാൾ അനുജൻ കൊല്ലപ്പെട്ടിട്ടും സ്ഥലംവിട്ടത് സംശയം വർധിപ്പിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ ഇയാളുടെ പൂർവകാല പശ്ചാത്തലവും സംശയം വർധിപ്പിച്ചു. കൊലപാതകത്തിന് മുൻപ് പലപ്പോഴും വീട്ടിൽവെച്ച് കൊല്ലപ്പെട്ട പ്രഭാകരയും ജയറാമും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന മൊഴിയും ജയറാമിന് കുരുക്കായി.

സംഭവദിവസം പുലർച്ചെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ജയറാം മുങ്ങിയത്. കർണാടകയിലെ പുത്തൂരിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് മഞ്ചേശ്വരത്ത് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

 ജയറാം ഒളിവിലായതിനാൽ തങ്ങളിലേക്ക് അന്വേഷണമെത്തില്ലെന്ന് കരുതി നാട്ടിൽത്തന്നെ കഴിയുകയായിരുന്നു പിടിയിലായ ഇസ്മയിലും ഖാലിദും. ഇസ്മയിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും ഖാലിദ് ക്വട്ടേഷന് ഇടനിലക്കാരനായിരുന്നുവെന്നും പോലീസ് പറഞ്ഞു.


No comments