JHL

JHL

രക്ഷാ സംവിധാനം നോക്ക് കുത്തി ; ഭീതിയോടെ കടലിന്റെ മക്കൾ

കാസറഗോഡ്(True News 17 September 2019): ജില്ലയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുള്ള അപകടങ്ങൾ പെരുകുമ്പോഴും രക്ഷാ സംവിധാനം വെറും നോക്ക് കുത്തി. കഴിഞ്ഞ ഒരാഴ്ച മാത്രം മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. പള്ളിക്കരയിൽ വള്ളം മറിഞ്ഞ് കീഴൂർ സ്വദേശി ദാസൻ  മരണപ്പെട്ടിരുന്നു. 
ഹൊസബെട്ടു കടപ്പുറത്തിന് സമീപം മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ തോണി മറിഞ്ഞ് പത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുമ്പള പെര്‍വാഡ് കടപ്പുറത്തെഉസ്മാന്‍ (40), മുഹമ്മദ് ഹനീഫ് (38), സൈനുദ്ദീന്‍ (28), ഹനീഫ (30), ഹസ്സന്‍കുഞ്ഞി (30), ഉമ്പായി (35), സിദ്ദീഖ് (32), സക്കീര്‍ (22), മുഹമ്മദ് ഹനീഫ് (28), സൈസാദ് (20) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് സംഭവം.സമീപത്തുണ്ടായിരുന്ന മറ്റ് തോണികളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. അപകടത്തില്‍ തോണി പൂര്‍ണമായും തകര്‍ന്നു. എന്‍ജിനും വലകളും മറ്റ് സാധനസാമഗ്രികളും നഷ്ടപ്പെട്ടു.രണ്ടുദിവസം മുന്‍പ് ഇവിടെ സമാനമായ അപകടം നടന്നിരുന്നു. അന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മീന്‍പിടിത്ത തുറമുഖത്തിന് സമീപം
രൂപപ്പെട്ട മണല്‍തിട്ടയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന്മ ത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കടലിൽ ബോട്ട് അപകടത്തിൽപ്പെട്ട് രക്ഷിക്കാനെത്തുന്ന പൊലീസും അഗ്നിശമനസേനയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കരയിൽ നിന്നു കടലിനെ നോക്കിൽ നിൽക്കുക മാത്രമാണ് ചെയ്യുന്നത്.മത്സ്യതൊഴിലാളികളായ മറ്റുള്ളവരാണ് ജീവൻ മറന്നു ബോട്ടുകളിലായി കടലിലേക്ക് പോകുന്നത്.
കേരളത്തിൽ മാറി വരുന്ന സർക്കാരുകൾ മത്സ്യതൊഴിലാളികളെ പാടെ അവഗണിക്കുന്നു. മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് അപകടം  തുടർക്കഥയാകുമ്പോഴും  ഇവരെ രക്ഷിക്കാൻ ആരുമില്ലാത്ത  അവസ്ഥയാണ്. ജില്ലയിൽ 3 തീരദേശ പൊലീസ്  സ്റ്റേഷനുകളുണ്ട്. ഇതു കൊണ്ടു മത്സ്യതൊഴിലാളികൾക്കു ഒരു സഹായവും കിട്ടുന്നില്ല.  3 സ്റ്റേഷനുകളിൽ ഒരു സ്പീഡ് ബോട്ടു പോലുമില്ല. ഫിഷറീസ് വകുപ്പ് വാടകയ്ക്കു എടുത്ത ബോട്ടാണ് കടലിൽ അപകടങ്ങൾ നടന്നാൽ ഉപയോഗിക്കുന്നത്. എന്നാൽ ഇതും മത്സ്യതൊഴിലാളികൾക്കു പ്രയോജനമില്ല. അല്ലെങ്കിൽ കണ്ണൂരിൽ നിന്നു  എല്ലാവിധ സൗകര്യങ്ങളോട് കൂടിയ ബോട്ട് എത്തണം. 

No comments