JHL

JHL

മംഗളൂരു തുറമുഖത്തിന് സമീപം മത്സ്യത്തൊഴിലാളി കടലിൽ ഒഴുകിനടന്നത് 13 മണിക്കൂർ..! ഒടുവിൽ പുതുജന്മം...

മംഗളൂരു(True News 26 October 2019): ബോട്ടിൽനിന്ന് വീണ് 13 മണിക്കൂർ കനത്തമഴയിലും കാറ്റിലും കടലിൽ ഒറ്റപ്പെടുക...ഏതെങ്കിലും ബോട്ടിന്റെയോ കപ്പലിന്റെയോ ശ്രദ്ധയിൽപ്പെടാൻ പലവട്ടം ഉറക്കെ അലറിവിളിക്കുക....നീന്തിനീന്തി തളർന്ന് മരണത്തെ മുഖാമുഖം കാണുക...ഒടുവിൽ തീരസംരക്ഷണസേന ജീവിതത്തിലേക്കുള്ള പിടിവള്ളിയിട്ടുനൽകുക... മീൻപിടിത്തബോട്ടിൽനിന്ന് അബദ്ധത്തിൽ വീണ മത്സ്യത്തൊഴിലാളി, ഒഡിഷ സ്വദേശിയായ ഗൊരായ റാവു(33)വിനിത് രണ്ടാം ജന്മമാണ്.
കനത്തമഴയിലും കാറ്റിലും 13 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തീരസംരക്ഷണ സേനാംഗങ്ങൾ ഇയാളെ രക്ഷപ്പെടുത്തിയത്. മംഗളൂരു തുറമുഖത്തുനിന്ന് ബുധനാഴ്ച പുലർച്ചെയാണ് ഗൊരായ റാവുവും സംഘവും ഷയോണൽ എയ്ഞ്ചൽ എന്ന ബോട്ടിൽ മീൻപിടിക്കാൻ പുറപ്പെട്ടത്.
മൂന്നുമണിയോടെ മൽപെയെത്തിയപ്പോൾ ഗൊരായ അബദ്ധത്തിൽ കടലിൽ വീണു. ഇരുട്ടായതിനാൽ കൂടെയുള്ളവർ കണ്ടതുമില്ല. ഒരുമണിക്കൂർ കഴിഞ്ഞാണ് ഗൊരായയെ കാണാനില്ലെന്ന് ബോട്ടിലുള്ളവർ തിരിച്ചറിഞ്ഞത്. ഉടനെ മൽപെ തീരസംരക്ഷണ പോലീസിൽ വിവരമറിയിച്ചു. ഉടനെ സാവിത്രി ഭായ് ഫൂലേ എന്ന കപ്പലിൽ തീരസംരക്ഷണ സേന തിരച്ചിലിനായി പുറപ്പെട്ടു.
കനത്ത മഴയും കാറ്റും തിരച്ചിലിന് തിരിച്ചടിയായി. ഒടുവിൽ വൈകീട്ട് നാലുമണിയോടെ മൽപെ പുറംകടലിൽ അവശനിലയിൽ ഗോരായയെ കണ്ടെത്തി. ഉടനെ കപ്പലിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും നൽകി.
തീരസംരക്ഷണ സേന കമാൻഡർ എസ്.എസ്.ഡാസിലയുടെ നേതൃത്വത്തിൽ മൽപെ തീരസംരക്ഷണ പോലീസിനുകൈമാറി. 13 മണിക്കൂർ കടലിൽ ഒറ്റപ്പെട്ടിട്ടും സമചിത്തത കൈവിടാതെ നീന്തിനിന്ന ഗൊരായയുടെ ധൈര്യത്തെ അഭിനന്ദിക്കാനും തീരസംരക്ഷണ സേന മറന്നില്ല.

No comments