JHL

JHL

പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍



കാസര്‍കോട്(True News 22 October 2019): പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളക്കടവ് മായിച്ചാല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസയെയാണ് അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രണ്ട് വയസുള്ള മകള്‍ ഫാത്തിമത്ത് മിസ്‌വയാണ് മരിച്ചത്.
കുട്ടിയെ കാസര്‍കോട്ട് സ്വകാര്യ ആസ്പത്രികളിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് മാതാവ് വിഷം നല്‍കിയിട്ടുണ്ടോയെന്ന സംശയമാണ് പൊലീസിനുള്ളത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. റുമൈസയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. റുമൈസയുടെ ഭര്‍ത്താവ് കുറച്ചു നാളുകളായി പിണങ്ങി കഴിയുകയാണ്. പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ റുമൈസയും മാതാവും റുമൈസയുടെ രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. രണ്ട് ദിവസം മുമ്പ് കുട്ടി ഛര്‍ദ്ദിക്കുന്നത് കണ്ട് റുമൈസയുടെ മുറിയില്‍ ചെന്നപ്പോള്‍ കുട്ടി കട്ടിലില്‍ നിന്നും വീണതായി റുമൈസ മാതാവിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞതോടെ വീട്ടിലെത്തി.
ഞായറാഴ്ചയും കുട്ടി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീണ്ടും മറ്റൊരു ആസ്പത്രിയില്‍ കൊണ്ടുപോയി. സ്‌കാനിംഗ് എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞതോടെ വീണ്ടും വീട്ടിലെത്തി.
ഇന്നലെ കുട്ടി വീണ്ടും ഛര്‍ദ്ദിക്കുകയും അവശനിലയിലാവുകയും റുമൈസ അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതോടെ റുമൈസയേയും കുഞ്ഞിനെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെടുകയായിരുന്നു.
ദുബായിലുള്ള സഹോദരന്റെ സംരക്ഷണയിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്.

No comments