JHL

JHL

ഉപതിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് പ്രചാരണം അവസാനഘട്ടത്തിൽ


മഞ്ചേശ്വരം(True News 17 October 2019): മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കേ പ്രചാരണം അന്തിമഘട്ടത്തിൽ. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാൻ മുന്നണികൾ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും സജീവമായതോടെ പ്രചാരണരംഗം ചൂടുപിടിച്ചു.ബുധനാഴ്ച കർണാടകയിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ യു.ഡി.എഫിനായി പ്രചാരണത്തിനെത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൽ.ഡി.എഫിനായും എ.പി.അബ്ദുള്ളക്കുട്ടി, കെ. രഞ്ചിത്ത്‌ എന്നിവർ എൻ.ഡി.എ.ക്കായും പ്രചാരണത്തിനെത്തി.
ബന്തിയോട്ടും മഞ്ചേശ്വരത്തും നടന്ന പൊതുയോഗങ്ങളിൽ കർണാടക മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി പ്രസംഗിച്ചു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രണ്ടാംസ്ഥാനത്തിനുള്ള പോരാട്ടമെന്ന് വീരപ്പ മൊയ്‌ലി ബന്തിയോട്ട് പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണത്തിനെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മണ്ഡലത്തിന് വികസനം വന്നത് യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.ശമ്പളം പോലും കൊടുക്കാൻ ഖജനാവിൽ പണമില്ലാത്ത കാലത്ത് പിണറായി ധൂർത്തടിക്കുകയാണ് -കെ.സുധാകരൻ എം.പി. കുറ്റപ്പെടുത്തി. പിണറായി ഭരണത്തിൽ ഒരു വികസനം കാണിച്ചുതന്നാൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. യോഗത്തിൽ മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.എ. മൂസ അധ്യക്ഷനായിരുന്നു.മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഫോർവേഡ്‌ ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജൻ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി., സാദിഖലി ശിഹാബ് തങ്ങൾ, കെ.എൻ.എ.ഖാദർ എം.എൽ.എ., കർണാടക എം.എൽ.എ.മാരായ യു.ടി.ഖാദർ, എം.എ.ഹാരിസ്, അബ്ദുൾറഹിമാൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.വിശ്വാസത്തിന്റെ പേരു പറഞ്ഞ് യു.ഡി.എഫും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ആസൂത്രിത ഗൂഡാലോചന നടത്തുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഹൊസങ്കടിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ബി.വി.രാജൻ അധ്യക്ഷതവഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ, എൽ.ഡി.എഫ്. നേതാക്കളായ എ.അബ്ദുൾഖാദർ, എം.അനന്തൻ നമ്പ്യാർ, കെ.പി.സതീഷ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വോട്ടിനുവേണ്ടി ആദർശത്തെ പോലും അടിയറവ്‌വെക്കേണ്ട ഗതികേടിലായിയിരിക്കുകയാണ് സി.പി.എമ്മെന്ന് ബി.ജെ.പി. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ.രഞ്ചിത്ത്. മഞ്ചേശ്വരത്ത്‌ അരിവാൾ ചുറ്റികയുടെ നിറം പച്ചയും കോന്നിയിൽ നീലയും അരൂരിൽ മഞ്ഞയും ആക്കി മാറ്റിയാണ് സി.പി.എം. വോട്ട് തേടുന്നത്. മഞ്ചേശ്വരത്ത് എൻ.ഡി.എ.യും യു.ഡി.എഫും തമ്മിലാണ് മത്സരം. ഇടതുവലതു മുന്നണികൾ ഭരിച്ച മണ്ഡലത്തിൽ വികസനം ചർച്ചചെയ്യാൻ മുന്നണികൾക്ക്‌ സാധിക്കുന്നില്ലെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി.
മഞ്ചേശ്വരം പഞ്ചായത്തിൽ രവീശതന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സി.കെ.ബാലകൃഷ്ണൻ, ബി.ജെ.പി. സംസ്ഥാനസമിതി അംഗം ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി, വിജയൻ വട്ടിപ്രം തുടങ്ങിയവർ സംസാരിച്ചു.

No comments