JHL

JHL

മഞ്ചേശ്വരത്ത് എം സി കമറുദ്ദീൻ വൻ ലീഡിലേക്ക്, ആദ്യ നാല് റൗണ്ടുകളിൽ വൻ നേട്ടം

മഞ്ചേശ്വരം(True News 24 October 2019): മഞ്ചേശ്വരം മണ്ഡലത്തിൽ നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. മൂന്നാമത്തേത് അവസാനഘട്ടത്തിലായപ്പോഴേക്ക് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ ലീഡ് നാലായിരം കടന്നു. ആദ്യ രണ്ട് റൗണ്ടുകളിൽ വൻ ലീഡ് എം സി കമറുദ്ദീൻ ലീഡ് നേടിയത് തീർച്ചയായും യുഡിഎഫിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. ബിജെപി അനുകൂല പഞ്ചായത്തുകളിലേക്ക് പോകുന്നതേയുള്ളൂ എങ്കിലും ആദ്യ റൗണ്ടുകളിലെ ഫലം യുഡിഎഫിന് ആശ്വാസമേകുന്നു. തിരിച്ചടിയേറ്റത് എൽഡിഎഫിന് തന്നെ. വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയി.

നാലാം റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന്‍റെ ലീഡ് അൽപം കുറഞ്ഞു. യുഡിഎഫിന് കിട്ടിയത് 16791 വോട്ടുകളാണ്. ബിജെപി 12376 വോട്ടുകൾ. 4802 വോട്ടുകളുടെ ലീഡാണ് നാലാം റൗണ്ടിൽ.

മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന് കിട്ടിയത് 13558 വോട്ടുകളാണ്. ബിജെപിക്ക് 8752, എൽഡിഎഫിന് 4717 വോട്ടുകൾ. യുഡിഎഫിന്‍റെ ലീഡ് 4602.

ആദ്യ രണ്ട് റൗണ്ടുകളിലായി യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത് 2500 വോട്ടിന്‍റെ ഭൂരിപക്ഷമാണ്. കിട്ടിയത് 2714 വോട്ടുകളുടെ ലീഡ്.

രണ്ടാം റൗണ്ട് പോളിംഗ് പൂർത്തിയായപ്പോൾ 8856 വോട്ടുകളാണ് എം സി കമറുദ്ദീന് ലഭിച്ചത്. ബിജെപിയുടെ രവീശ തന്ത്രി കുണ്ഠാറിന് 6142 വോട്ടുകൾ കിട്ടി. എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി ശങ്കർ റൈയ്ക്ക് 2920 വോട്ടുകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. കഴിഞ്ഞ തവണത്തേത് പോലെ വീണ്ടും സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയിരിക്കുന്നു.

അമ്പലക്കമ്മിറ്റി പ്രസിഡന്‍റും വിശ്വാസിയുമായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും സിപിഎമ്മിന് രക്ഷയില്ല. യുഡിഎഫിനാകട്ടെ ബിജെപി ജയിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലെന്ന പ്രചാരണം ഫലിച്ചെന്ന സന്തോഷമാണ്. ന്യൂനപക്ഷവോട്ടുകൾ കൃത്യമായി ഏകീകരിക്കപ്പെട്ടിരിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

ലീഗ് പ്രവർത്തകർ ഇപ്പോഴേ മഞ്ചേശ്വരത്ത് ആഹ്ളാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ഇടയ്ക്ക് നേതാക്കൾ ഇടപെട്ട് നിർത്തി വയ്പിച്ചെങ്കിലും പ്രവർത്തകർ പിൻമാറുന്ന പ്രശ്നമില്ല.

ആദ്യ രണ്ട് റൗണ്ടുകളിൽ എണ്ണുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29 ബൂത്തുകളിൽ ആദ്യ രണ്ട് റൗണ്ടിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 3700 വോട്ടുകൾ യുഡിഎഫിന് കിട്ടിയിരുന്നു. 2016-ൽ 1800 വോട്ടുകളായി ഇത് കുറഞ്ഞു.

365 വോട്ടുകൾ മാത്രമാണ് യുഡിഎഫിന് മൂന്നും നാലും റൗണ്ടുകളിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത്. വോര്‍ക്കാടി പഞ്ചായത്തിലെ 18 ബൂത്തുകളാണ് മൂന്നും നാലും റൗണ്ടുകളിൽ എണ്ണിയത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫിനായിരുന്നു ലീഡ്. 500 വോട്ടുകളുടെ ലീഡ് മൂന്നും നാലും റൗണ്ടുകളിൽ എൽഡിഎഫിന് കിട്ടിയിരുന്നതാണ്.

അഞ്ചിടങ്ങളിൽ ആദ്യം വോട്ടെണ്ണിത്തുടങ്ങിയത് മഞ്ചേശ്വരത്താണ്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഏറ്റവും കുറവ് മഞ്ചേശ്വരത്താണുള്ളത്. അഞ്ചെണ്ണം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത് ആദ്യം എണ്ണി.

ആദ്യ റൗണ്ട് വോട്ടെടുപ്പ് മഞ്ചേശ്വരത്ത് പൂർത്തിയായപ്പോൾ നിരീക്ഷകന്‍റെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടന്നു. ഇരു സ്ഥാനാർത്ഥികളുടെയും പ്രതിനിധികൾ തമ്മിൽ തർക്കമുണ്ടായതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റീ കൗണ്ടിംഗ്. 11 വോട്ടുകൾ എണ്ണിയപ്പോഴാണ് നിരീക്ഷകർ തർക്കമുന്നയിച്ചത്. ഇതനുസരിച്ചായിരുന്നു റീ കൗണ്ടിംഗ്.

ആദ്യ റൗണ്ടിന്‍റെ ഒടുവിൽ, 873 വോട്ടുകൾക്ക് എം സി കമറുദ്ദീൻ മുന്നിലെത്തി. 4383 വോട്ടുകളാണ് കമറുദ്ദീന് കിട്ടിയത്. മഞ്ചേശ്വരം പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ചിരുന്നതാണ് താനും.

ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എന്നതാണ് ശ്രദ്ധേയം. രവീശതന്ത്രി കുണ്ഠാറിന് 3512 വോട്ടുകൾ കിട്ടി. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുന്നു ആദ്യ റൗണ്ടിൽ. 1257 വോട്ടുകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. 

No comments