JHL

JHL

കനത്ത മഴയിലും പൊലിമ കുറയാതെ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം

കുമ്പള(True News 24 October 2019): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആഹ്ലാദ തിമിർപ്പിലായ യു.ഡി.എഫ് പ്രവർത്തകർക്ക് കനത്ത മഴ തടസ്സമായില്ല. വോട്ടെണ്ണൽ പകുതി പിന്നിട്ടതു മുതൽ തന്നെ വ്യക്തമായ വിജയ സൂചന ലഭിച്ചിരുന്നുവെങ്കിലും  മുസ്ലിം ലീഗ് ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ ആഹ്ലാദ പ്രകടനത്തിന് ഒരുദ്യോഗിക ഫലം വരുന്നതുവരെ കാത്തിരുന്നു. ഫലം വന്ന ഉടനെ ഹരിത പതാകയുയായി ഇറങ്ങിയ കുമ്പളയിലെ  പ്രവർത്തകർ വിജയാഹ്ലാദ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ടൗണിലിറങ്ങി. ആരവങ്ങളെ കവച്ചു വെക്കുന്ന ശക്തമായ കാറ്റും മഴയും അകമ്പടി എത്തിയതോടെ നേതാക്കൾ കടവരാന്തകളിൽ കയറി നിന്നു. കാറ്റും മഴയും ശക്തി പ്രാപിച്ചതോടെ ഒരുവേള പ്രവർത്തകർക്കും പിൻവാങ്ങേണ്ടി വന്നു. മിനിറ്റുകൾ കൊണ്ട് വീണ്ടും രംഗത്തിറങ്ങിയ പ്രവർത്തകർ പ്രകടനമായി  ദേശീയ പാതയിൽ റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് നീങ്ങി. വീണ്ടും ടൗണിലെത്തി സർക്കിളിനടുത്ത് ഒത്തുചേർന്ന് പടക്കങ്ങൾക്ക് തിരികൊളുത്തി. പിന്നീട് മുദ്രാവാക്യങ്ങളുമായി സ്ഥാനാർത്ഥിയെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
          അഞ്ചു മണിയോടെയാണ് എം സി ഖമറുദ്ദീൻ പ്രവർത്തകരോടൊപ്പം കുമ്പളയിലെത്തിയത്. ദേശീയ പാതയിൽ നിന്നും ടൗണിലേക്കുള്ള വളവിൽ പ്രവർത്തകർ സ്ഥാനാർത്ഥിയെ എതിരേറ്റു. പിന്നീട് ചുമലിലേറ്റി ടൗണിൽ പ്രവേശിച്ചുവെങ്കിലും പ്രതിബന്ധമായി മഴയെത്തി. അതിനിടെ പ്രവർത്തകർ സമ്മാനിച്ച കേക്ക് ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാനാർത്ഥി കൈകൊണ്ട് നുള്ളിയെടുത്ത് പ്രവർത്തകർക്ക് നൽകി. മുദ്രാവാക്യങ്ങളും ആരവസംഗീതഞളുമായി അൽപ നേരം ചെലവഴിച്ചതിന് ശേഷം സ്ഥാനാർത്ഥിയും നേതാക്കളും പ്രവർത്തകരും അടുത്ത സ്വീകരണ കേന്ദ്രം ലക്ഷ്യമാക്കി നീങ്ങി.
ഉപ്പളയിലും, ഹൊസങ്കടിയിലും, മഞ്ചേശ്വരത്തും പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

No comments