JHL

JHL

തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ച എ.ടി.എം തട്ടിപ്പ് കേസിലെ പ്രതികള്‍ യു.പി പൊലീസിനെ കബളിപ്പിച്ച് കാസര്‍കോട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ടു

കാസര്‍കോട്(True News 20 October 2019): തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ച എ.ടി.എം തട്ടിപ്പ് കേസിലെ രണ്ടുപ്രതികള്‍ യു.പി പൊലീസിനെ കബളിപ്പിച്ച് കാസര്‍കോട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ടു. കളനാട് സ്വദേശികളായ അബ്ദുല്‍റഹ്മാന്‍ ജംഷീദ് (25) അബ്ദുല്‍റൈഫാദ് (25) എന്നിവരാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എ.ടി.എം കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് പാസ്‌വേഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പാണ് ജംഷീദും റൈഫാദും അടക്കമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യു.പി. ഉന്നാവോ സി.ഐ പാണ്ഡി, എസ്.ഐ അനില്‍ യാദവ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം ഇന്നോവ കാറില്‍ കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. പുതിയ ബസ് ബസ്സ്റ്റാന്റ് പരിസരത്തെ ഒരു ഹോട്ടലില്‍ മുറികളെടുത്ത് ഇവരെ താമസിപ്പിച്ചതായിരുന്നു. സി.ഐയും എസ്.ഐയും ഒരു മുറിയിലും രണ്ടുപ്രതികളും രണ്ടു കോണ്‍സ്റ്റബിള്‍മാരും മറ്റൊരു മുറിയിലുമാണ് താമസിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നോക്കിയപ്പോഴാണ് ജംഷീദിനേയും റൈഫാദിനേയും കാണാതായതായി അറിയുന്നത്. ഇതുസംബന്ധിച്ച് യു.പി പൊലീസ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരേയും വിവരം അറിയിച്ചു. എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന് പ്രതികളെ കൊണ്ടുവരുമ്പോള്‍ അതാത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സ്റ്റേഷനിലെ ലോക്കപ്പില്‍ പാര്‍പ്പിക്കണമെന്നുമാണത്രെ ചട്ടം. ഇത് പാലിക്കപ്പെട്ടിട്ടില്ല. പുലര്‍ച്ചെ രണ്ടുപേരും ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടവരെ പിടികൂടാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments