JHL

JHL

ക്യാർ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകുന്നു;ജില്ലയിൽ നാളെയും മഴ തുടരും; മംഗളൂരുവിൽ 100 മത്സ്യബന്ധന തോണികളിൽനിന്നായി ആയിരത്തോളം പേരെ രക്ഷപ്പെടുത്തി

കാസറഗോഡ് / മംഗളൂരു (True News, Oct26,2019) :ക്യാർ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകുന്നു; ഇപ്പോൾ  അറബിക്കടലിൽ കേന്ദ്രീകരിച്ചിരിക്കുന്ന ക്യാർ കൂടുതൽ ശക്തമായ ചുഴലിക്കാറ്റായി അടുത്ത ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ കർണാടക കൊങ്കൺ തീരങ്ങളിൽ  വീശാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ദക്ഷിണ ഉത്തര കർണാടകയിലും മഹാരാഷ്ട്രയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാസറഗോഡും കേരളത്തിന്റെ മറ്റു വടക്കൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകും. അതിനിടെ നാല് ദിവസമായി പെയ്യുന്ന മഴ ജില്ലയിൽ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നെൽപ്പാടങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് മൊഗ്രാൽ പുത്തൂർ ബംബ്രാണ പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായി. മൊഗ്രാൽപുത്തൂരിൽ വിളവെടുപ്പിനു പാകമായ നെൽപ്പാടം വെള്ളം കയറി നശിച്ചു.
കാസറഗോഡ് നെല്ലിക്കുന്നിൽ ഇന്നലെ കൂറ്റൻ ആൽമരം കടപുഴകി വീണു. ഭാഗ്യവശാലാണ് വൻദുരന്തം ഒഴിവായത്.ആൽമരം വൈദ്യുത കമ്പിയിലേക്കു മറിഞ്ഞതിനെത്തുടർന്നു എട്ടോളം വൈദ്യുത തൂണുകൾ തകരുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.

 മംഗളൂരുവിൽ കടൽക്ഷോഭത്തിൽ പെട്ട  100 ലധികം  മത്സ്യബന്ധന തോണികളെ പോർട്ട് അധികൃതർ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. തോണികളിൽനിന്നായി ആയിരത്തോളം പേരെയാണ്  രക്ഷപ്പെടുത്തിയത്. ഇവർക്ക് മംഗളൂരു ബന്ദറിൽ താത്കാലിക താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.മഹാരാഷ്ട്രയിൽ കർണാടക കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ഇതിലുൾപ്പെടും. കോസ്റ്റ് ഗാർഡിന്റെ സംഘം കടലിൽ നിരീക്ഷണം ഊർജ്ജിതപ്പെടുത്തി. ഹെലികോപ്റ്റർ അടക്കമുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് നിരീക്ഷണം. 

No comments