JHL

JHL

ഭാര്യയെ പുഴയിൽ തള്ളിയ സംഭവം: റോബോട്ടിക് പരിശോധനയും വിഫലമായി

കാസർകോട്(True News 18 October 2019): ഭാര്യയെ  കൊലപ്പെടുത്തി കല്ലുകെട്ടി ചന്ദ്രഗിരിപ്പുഴയി‍ൽ താഴ്ത്തിയെന്ന ഭർത്താവിന്റെ മൊഴി പ്രകാരം മൃതദേഹം കണ്ടെത്താൻ  വെള്ളത്തിനടിയി‍ൽ റോബോട്ടിക് ഡ്രോൺ (ഐറോവ് ട്യൂന) ഉപയോഗിച്ചു നടത്തിയ പരിശോധന വിഫലമായി. എന്നാൽ പുഴയിൽ പരിശോധന നടത്തിയ 5 ഇടങ്ങളിൽ ചുഴിയും ചളിയുമുള്ള കുഴികൾ ഉള്ളതിനാൽ മൃതദേഹം അതിൽ കുടുങ്ങിയിരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് ഐറോവ് കമ്പനി ഡയറക്ടർ കണ്ണപ്പ പളനിയപ്പൻ പറഞ്ഞു.

കുഴികളിൽ പരിശോധിക്കാൻ മുങ്ങൽ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. ഭർത്താവ് ആലക്കോട് നെടുപ്പത്തേൽ വീട്ടിൽ സെൽജോ (43) ആണു ഭാര്യ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ (30) സെപ്റ്റംബർ 19 നു കൊലപ്പെടുത്തി ചന്ദ്രഗിരിപ്പുഴയിൽ തള്ളിയതായി പൊലീസിനു മൊഴി നൽകിയത്. പൊലീസും അഗ്നിരക്ഷാസേനയും 3 ദിവസം  പുഴയിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അത്യാധുനിക റോബോട്ടിന്റെ സഹായം തേടിയത്.

തെക്കിലിൽ ചന്ദ്രഗിരിപ്പുഴയിൽ 800 മീറ്റർ പരിധിയിൽ  5 ഇടങ്ങളിലായാണു പരിശോധന നടത്തിയത്. ഐറോവ് കമ്പനി ഡയറക്ടർ കണ്ണപ്പ പളനിയപ്പന്റെ നേതൃത്വത്തിൽ ആറംഗ സംഘം   കംപ്യൂട്ടർ സഹായത്തോടെയാണു റോബോട്ടിനെ വെള്ളത്തിലിറക്കി പുഴയുടെ അടിത്തട്ടിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തിയത്. രാവിലെ 10നു തുടങ്ങിയ പരിശോധന വൈകിട്ട് 5 വരെ നീണ്ടു.

ഡിവൈഎസ്പി പി.പി.സദാനന്ദൻ, സിഐ വി.വി.മനോജ്, എസ് ഐ എ.സന്തോഷ്കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ഭാര്യയെ കാണാനില്ലെന്നു സെപ്റ്റംബർ 20 നു സെൽജോ വിദ്യാനഗർ പൊലീസി‍ൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി പുഴയി‍ൽ തള്ളിയ കാര്യം വെളിപ്പെടുത്തിയത്.

100 മീറ്റർ വരെ ആഴത്തിൽ സഞ്ചരിച്ചു തത്സമയ എച്ച്ഡി വിഡിയോ ഇമേജുകൾ എടുക്കുന്ന സംവിധാനം. കപ്പലുകളുടെയും കടലിനടിയിലെ കേബിളുകളുടെയും മറ്റും  അറ്റകുറ്റപ്പണിക്കാണു സാധാരണയായി ഉപയോഗിക്കുന്നത്. അൾട്രാ സൗണ്ട് സ്കാനിങ്ങിനു സമാനമായി  ശബ്ദതരംഗങ്ങളിലൂടെയാണു   പുഴയുടെ അടിത്തട്ടിലെ വസ്തുക്കൾ കണ്ടെത്തുക.

സോണാർ സംവിധാനവുമായി ഘടിപ്പിച്ച്  അരമീറ്റർ വലുപ്പമുള്ള  ചതുരപ്പെട്ടിക്കകത്തെ റോബോട്ടിന്റെ സഹായത്തോടെയാണു പരിശോധന. കരയിൽ നിന്നാണ് ഇതിന്റെ നിയന്ത്രണം. 300 മീറ്ററോളം നീളമുള്ള വയറിൽ ഘടിപ്പിച്ചാണ് റോബോട്ടിനെ പുഴയുടെ ആഴത്തിലേക്ക് ഇറക്കുന്നത്. ശബ്ദതരംഗങ്ങൾ വഴി ശേഖരിക്കുന്ന ദൃശ്യങ്ങൾ കരയിലെ കൺട്രോൾ സ്റ്റേഷനിലെ കംപ്യൂട്ടർ മോണിറ്ററിൽ തെളിയും.   കൊച്ചിയിൽ നിന്നെത്തിച്ച സ്കാനർ നാലു ടെക്നീഷ്യന്മാരുടെ സഹായത്തോടെയാണു പ്രവർത്തിപ്പിച്ചത്. 

No comments