JHL

JHL

കാന്‍സര്‍ ചികിത്സക്കായി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം കവര്‍ന്ന ശേഷം വീടിന് തീയിട്ട അയല്‍വാസി അറസ്റ്റില്‍


കാസര്‍കോട്(True News 22 October 2019): കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം കവര്‍ന്ന ശേഷം വീടിന് തീയിട്ട കേസില്‍ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ അബ്ദുല്‍ ലത്തീഫിനെ (36) യാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയും തീവെപ്പും നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബിന്റെ വീടിനാണ് തീയിട്ടത്. കീമോ തെറാപ്പി ചെയ്യാനായി വെള്ളിയാഴ്ച ശിഹാബ് കുടുംബസമേതം വീടുപൂട്ടി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോയതാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന് തീവെച്ചതായി കണ്ടത്. കട്ടില്‍, കിടക്ക, വസ്ത്രം മുതലായവയും വിലപ്പെട്ട രേഖകളും അടക്കം മുഴുവന്‍ സാധനങ്ങളും കത്തിച്ചാമ്പലായി. കിടപ്പുമുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. ശിഹാബിന്റെ ചികിത്സക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കവര്‍ന്നിരുന്നു.  തിങ്കളാഴ്ച്ച രാത്രിയോടെയാണ് ലത്തീഫിനെ വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.



No comments