JHL

JHL

നവമാധ്യമങ്ങളിൽ കണക്കുകൾ നിരത്തി പോരടിച്ച് എൽഡിഎഫും യുഡിഎഫും

കുമ്പള(True News 19 October 2019) : മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന നാളുകളിൽ നവമാധ്യമങ്ങളിൽ കണക്കുകൾ നിരത്തി പോരടിക്കുകയാണ് എൽഡിഎഫും യുഡിഎഫും. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നിയമ സഭ ഉപതിരഞ്ഞെടുപ്പിന്  സാക്ഷ്യം വഹിക്കുമ്പോൾ ഫലം തങ്ങളുടെ അക്കൗണ്ടിൽ വരവ് വെക്കാനാണ് പ്രവർത്തകർ പഴയകാല തെരഞ്ഞെടുപ്പ് കണക്കുകൾ നിരത്തുന്നത്. എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടും ബിജെപിക്ക് ജയിച്ചു കയറാനുള്ള കോണിപ്പടിയാണെന്ന് വാദിക്കയാണ് യുഡിഎഫ്. ഈ വാദത്തെ സാധൂകരിക്കാനാണ് പ്രവർത്തകർ കണക്കുകൾ നിരത്തുന്നത്. 2009ലെ ലോകസഭ തെരഞ്ഞെടുപ്പിൽ 42,149 വോട്ടുകൾ നേടി യുഡിഎഫ് ജയിച്ചപ്പോൾ
എൽഡിഎഫ് 10,148 വോട്ടുകൾക്ക് പിന്നിലായിരുന്നു. ബിജെപി ആയിരുന്നു രണ്ടാം സ്ഥാനത്ത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 49,795 വോട്ട് നേടി വിജയിച്ചപ്പോൾ ഈ വ്യത്യാസം 14,781 ആയി വർദ്ധിച്ചു. വീണ്ടും
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഡ് 23,026 വോട്ടുകൾ ആയി വർദ്ധിച്ചു. അന്ന് 52,459 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ കേവലം 29,433 വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്.  കേവലം 89 വോട്ടുകൾക്ക് പിബി അബ്ദുൽ റസാഖ് വിജയിച്ച 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകട്ടെ 56,770 വോട്ടുകളാണ് യുഡിഎഫ് നേടിയത്. ഈ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 42,565 വോട്ടുകൾ നേടി നില മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും എൽഡിഎഫും യുഡിഎഫും തമ്മിൽ 14,305 വോട്ടുകളുടെ അന്തരമുണ്ടായിരുന്നു.  2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഈ അന്തരം 35,421 ആയി വർദ്ധിച്ചു. യു ഡി എഫ് 68,217 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന്റെ വോട്ട് 32,796 ആയി കുറഞ്ഞു.  എന്നാൽ  ഈ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തന്നെയായിരുന്നു രണ്ടാം സ്ഥാനം. 54,104 വോട്ടുകളാണ് ബിജെപി നേടിയത്.അതുകൊണ്ട് എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടും അത് ബിജെപിയുടെ  മുന്നേറ്റ്ത്തിന് കാരണമാകുമെന്നാണ് യുഡിഎഫ് പ്രവർത്തകർ വോട്ടർമാരോട് പറയുന്നത്. അതേസമയം എൽഡിഎഫ് 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ
അഡ്വ. സി എച്ച് കുഞ്ഞമ്പു വിജയിച്ച ചരിത്രത്തെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. യുഡിഎഫിന്റെ കരുത്തനായ നേതാവ് ചെർക്കളം അബ്ദുല്ലയെ അന്ന് തോൽപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ  ഈ തെരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കും എന്നാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. അതോടൊപ്പം സ്വന്തം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് ശങ്കർ റൈ എന്നും അദ്ദേഹം ജനകീയൻ ആണെന്നും
മണ്ഡലത്തിന്റെ എല്ലാ മുക്കു മൂലകളും അറിയുന്ന ആളാണെന്നും എൽ ഡി എഫ് വാദിക്കുന്നു. മണ്ഡലത്തിന്റെ  സ്പന്ദനങ്ങൾ മനസ്സിലാക്കിയ റൈയെ ഭാഷാപിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും കൈവിടില്ല എന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഇരുമുന്നണികളെയും തറപറ്റിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകും എന്നാണ് എൻ.ഡി.എ അവകാശപ്പെടുന്നത്.

No comments