JHL

JHL

വർണ്ണാഭമായ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു; മുന്നണികൾ മൂന്നും പ്രതീക്ഷയിൽ

കുമ്പള(True News 19 October 2019):  തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ശനിയാഴ്ച വെകീട്ട് ആറുമണിയോടെ അവസാനിച്ചു. മുന്നണികൾ കൊട്ടിക്കലാശം ഗംഭീരമാക്കി.രണ്ടാഴ്ച നീണ്ടുനിന്ന പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് കുമ്പളയിലും ഉപ്പളയിലും ഹൊസങ്കടിയിലും നടന്ന കൊട്ടിക്കലാശം തുളുനാട്ടില്‍ മൂന്ന് മുന്നണികൾക്കും വിജയം വിളിച്ചോതുന്ന തരത്തിലായിരുന്നു.വൻ ലീഡ് അവകാശപ്പെട്ടു മൂന്നു മുന്നണികളും
അബ്ദു റസാഖിന്റെ പിൻഗാമിയെ തേടി മഞ്ചേശ്വരം മറ്റന്നാൾ ബൂത്തിലേക്ക്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടംനടക്കുന്ന മഞ്ചേശ്വരത്ത് തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന് മൂന്നുപേരും ഒരുപോലെ അവകാശപ്പെടുന്നു.
എല്ലാ സ്ഥാനാർത്ഥികളും റോഡ് ഷോയായിട്ടായിരുന്നു കൊട്ടിക്കലാശത്തിനെത്തിയത്. സമാധാനപരമായിരുന്നു അവസാന ആഘോഷം. ഒപ്പം ആവേശോജ്ജ്വലവും.
 ഉപ്പളയിലും കുമ്പളയിലും കൊട്ടിക്കലാശം  ജനസാന്നിധ്യം ആവേശം കൊണ്ടും ശ്രദ്ധേയമായി. പൊതു തെരെഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി  സംസ്ഥാന നേതാക്കളുടെ നിരത്തിയാണ് മുന്നണികൾ കൊട്ടിക്കലാശം നടത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ യും എൻ.ഡി.എ സ്ഥാനാർഥി രവീഷ് തന്ത്രിയും കുമ്പളയിലാണ് കൊട്ടിക്കലാശത്തിനിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ ഉപ്പളയിൽ കലാശക്കൊട്ടിനെ അഭിവാദ്യം ചെയ്തു. സംഘർഷാവസ്ഥ ഇല്ലാതാക്കാൻ സ്ഥലത്ത് വൻ പോലീസ് സംഘം സർവായുധ സജ്ജരായി രംഗത്തിറങ്ങിയിരുന്നു.
മൂന്നു മന്ത്രിമാരും സംസ്ഥാന നേതാക്കളും   എം എൽ എ മാരുമടക്കം പ്രമുഖരുടെ നിര തന്നെ ഇടതുമുന്നണിക്കുവേണ്ടി രംഗത്തെത്തി. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കൾ യു ഡി എഫിനുവേണ്ടി ഉപ്പളയിലും കുമ്പളയിലും രംഗത്തിറങ്ങി.
കടുത്ത ത്രികോണ  മത്സരം നടക്കുന്ന മണ്ഡലത്തിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. മൂന്നിലാരും വിജയിക്കാം. അതുപോലെ തന്നെ മൂന്നിൽ ആരും മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടേക്കാമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.അതിനാൽ തന്നെ നാളെയുള്ള നിശബ്ദ പ്രചാരണത്തെ ഗൗരവമായിത്തന്നെയാണ് സ്ഥാനാർത്ഥികൾ കാണുന്നത്.
മൂന്നു മുന്നണികളും പ്രതീക്ഷപുലർത്തുന്ന മണ്ഡലത്തിൽ അടിയിഴുക്കുകളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 89 വോട്ടിന്റെ കുറവിൽ നഷ്ട്ടപ്പെട്ട മണ്ഡലം കൈപ്പിടിയിലൊതുക്കാൻ പറ്റിയ സമയമിതുതന്നെയെന്ന പ്രതീക്ഷയിൽ പ്രചാരണം തുടങ്ങിയ ബി ജെ പി  തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തികഞ്ഞആത്മവിശ്വാസത്തിലായിരുന്നു. എന്തുവിലകൊടുത്തും വിജയം ഉറപ്പുവരുത്തണമെന്നാണ് സംസ്ഥാന കേന്ദ്ര നേതൃത്വത്തിന്റെയും ആർ എസ്‌ എസിന്റെയും നിർദേശം. ശബരിമലവിഷയവും കൂടി തെരെഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്നും വിജയം എളുപ്പമാകുമെന്നും കണക്കുകൂട്ടിയ പാർട്ടിയിൽ       സ്ഥാനാർഥി നിർണായതോടെ അസ്വാരസ്യങ്ങളുണ്ടായി. ആദ്യ ഘട്ടത്തിൽ തന്നെ ഇവ  പരിഹരിച്ചെങ്കിലും പ്രചാരണ രംഗത്ത്  വേണ്ടത്ര മുന്നേറിയിട്ടുണ്ടോയെന്ന സംശയം ബി ജെ പിക്കുണ്ട്.
മികച്ച ആത്മവിശ്വാസത്തോടെ സ്ഥാനാർഥി നിർണയം നടത്തിയ ലീഗിലും ബി ജെ പി യിലുണ്ടായതിനു സമാനമായ പ്രാദേശിക വികാരം പ്രശ്നങ്ങളുണ്ടാക്കി. എന്നാൽ പാണക്കാട് പോയ യൂത്ത് ലീഗ് നേതാക്കളുടെ പ്രതിഷേധമൊക്കെ താമസിയാതെ കെട്ടടങ്ങിയത് ആശ്വാസമായി. ആദ്യം തന്നെ പ്രചാരണത്തിൽ മുന്നേറാനും സാധിച്ചു. എന്നാൽ പി ബി അബ്ദുൽ റസാഖിന്റെ ജനകീയത എം സിക്ക് നേടാനായോ എന്ന സംശയം ലീഗിനുണ്ട്. ബൂത്തു തല പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്താൻ  കഴിയുകയും കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിക്കുകയും    ചെയ്‌താൽ വിജയമുറപ്പെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കൾക്ക് പുറമെ കർണാടക കോൺഗ്രസ് നേതാക്കളെയും    സജീവമായി മണ്ഡലത്തിലിറക്കിയതിനു പിന്നിൽ കോൺഗ്രസ് വോട്ടുകൾ മുഴുവനായും  പെട്ടിയിലാക്കണമെന്ന താല്പര്യം തന്നെ.
ഇടതുമുന്നണി വർധിത വീര്യത്തോടെയാണ് ആദ്യം മുതൽ തന്നെ തെരെഞ്ഞെടുപ്പ് രംഗത്തുള്ളത്. പ്രാദേശിക സ്ഥാനാർഥി എന്നതും തുളു ഭാഷാ വിഭാഗത്തിൽ നിന്നുള്ളയാളുമെന്നത് മത്സര രംഗത്ത് മികച്ച മുൻ‌തൂക്കം നൽകിയെന്നതാണ് പാർട്ടി അനുമാനം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപിക്കും ലീഗിന് ലഭിച്ച വോട്ടുകളിൽ ഒരു വിഭാഗം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയും ഇടതു കേന്ദ്രങ്ങളിലുണ്ട്.കൂടാതെ മികച്ച പ്രചാരണവും വോട്ടായി മാറുമെന്നാണ് നിഗമനം 



No comments