JHL

JHL

പ്രചരണം മുറുകുന്നു; മുക്കിലും മൂലകളിലും നേതാക്കൾ

കുമ്പള(True News 18 October 2019): മഞ്ചേശ്വരം  ഉപതെരഞ്ഞെടുപ്പ്
അടുത്തെത്തിയതോടെ മണ്ഡലത്തിൽ മുന്നണികളുടെ പ്രചരണം മുറുകുന്നു. 
മണ്ഡലത്തിന്റെ മുക്കുമൂലകളിൽ വരെ നേതാക്കൾ സജീവം. യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാൻ മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും സമുന്നതരായ നേതാക്കൾ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തി.  കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആൻറണി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡോക്ടർ എം കെ മുനീർ തുടങ്ങിയ പ്രഗൽഭരായ നേതാക്കൾ മണ്ഡലത്തിൽ എത്തി പ്രചാരണ പരിപാടികളിൽ സംബന്ധിച്ചിരുന്നു. അതേസമയം മൂന്നുദിവസമായി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ തങ്ങിക്കൊണ്ട്  പ്രചരണത്തിന് നേതൃത്വം നൽകുന്നു. ആഴ്ചകളായി മുസ്ലിം ലീഗ് യുവ നേതാവ് പി കെ ഫിറോസ് മണ്ഡലത്തിൽ തന്നെയുണ്ട്. കൂടാതെ മുസ്ലിം ലീഗിൻറെ സമുന്നതരായ നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ
മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ കഴിഞ്ഞദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമായിരുന്നു. പിന്നാക്ക വിഭാഗക്കാരെ യുഡിഎഫിനൊപ്പം ചേർത്ത് നിർത്താൻ ദളിത് ലീഗ് നേതാക്കളായ യു സി രാമൻ, കെ എൽ പുണ്ടരികാക്ഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോളനികളിൽ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. അതേസമയം മൂന്നു മുന്നണികളും മണ്ഡലത്തിൽ  കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. പ്രവർത്തകരോടൊപ്പം വീടുകൾതോറും കയറിയിറങ്ങിയും കടകൾ തോറും കയറിയും നേതാക്കൾ വോട്ടുകൾ അഭ്യർത്ഥിക്കുന്നുണ്ട്. എൽഡിഎഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ താഴേക്കിടയിലുള്ള പ്രവർത്തകർ വരെ സജീവമായി രംഗത്തുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് പുറമേ മന്ത്രി കോടിയേരി ബാലകൃഷ്ണൻ, കെ ടി ജലീൽ തുടങ്ങിയ നേതാക്കളും മഞ്ചേശ്വരത്ത് എത്തിയിട്ടുണ്ട്. കൂടാതെ വി പി പി മുസ്തഫ മഞ്ചേശ്വരം മുൻ എംഎൽഎ അഡ്വ. സി എച്ച് കുഞ്ഞമ്പു തുടങ്ങിയ നേതാക്കളും രാപ്പകൽ സജീവ പ്രവർത്തനത്തിലാണ്. ബിജെപി സംസ്ഥാന നേതാവ് അഡ്വ. പി മുരളീധരന്റെ നേതൃത്വത്തിലാണ് എൻഡിഎ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനുവേണ്ടി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കുമ്പളയിലെ മാവിന കട്ടയിൽ ഒരുക്കിയിട്ടുള്ള വിശാലമായ തെരഞ്ഞെടുപ്പ് ഓഫീസ് രാവുംപകലും സജീവമാണ്. ഇവിടെയെത്തുന്ന നേതാക്കൾക്കും പ്രവർത്തകർക്കും രാപ്പകലന്യേ വിശ്രമ സൗകര്യങ്ങളും ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാക്കളാണ് എൻ ഡി എയ്ക്കു വേണ്ടി പ്രചരണത്തിന് എത്തുന്നത്. കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ, നളിൻ കുമാർ കടീൽ, കോട്ട ശ്രീനിവാസ പൂജാരി തുടങ്ങിയ നേതാക്കളാണ് അതിർത്തി കടന്ന് മഞ്ചേശ്വരത്ത് എത്തിയത്. സി പി എമ്മിൽ നിന്നും കോൺഗ്രസിലേക്കും പിന്നീട് ബി ജെ പിയിലേക്കും ചേക്കേറിയ എ പി അബ്ദുല്ലക്കുട്ടി, കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പി സി തോമസ് എന്നിവരും മഞ്ചേശ്വരത്ത് താമര വിരിയിക്കാനുള്ള ദൗത്യവുമായി എത്തിയവരിൽ പെടും. ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം സുരേഷ് കുമാർ ഷെട്ടി എന്നിവരും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുൻ നിരയിലുണ്ട്.

No comments