Header Ads

test

തീപാറിയ പ്രചാരണങ്ങൾ അവസാനിച്ചു;അവസാന ലാപ്പിൽ ബി ജെ പിയെ പിന്തള്ളി ഇടതു മുന്നണി. പ്രവചനം അസാധ്യമായ ശക്തമായ ത്രികോണ മത്സരം;മണ്ഡലം നാളെ ബൂത്തിലേക്ക്;


ഉപ്പള (True News, Oct 20, 2019): പ്രചാരണ കോലാഹലങ്ങൾ അവസാനിച്ചു. നിശബ്ദ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുകയാണ് മണ്ഡലം. സ്ഥാനാർത്ഥികളും പ്രവർത്തകരും അവസാനത്തെ വോട്ടുവരെ ഉറപ്പുവരുത്തുന്ന തിരക്കിൽ.. ഒരാളും വിട്ടുപോകരുതെന്നു പ്രചാരണത്തിനിറങ്ങിയവർക്കു നിർബന്ധം..ഞായറാഴ്ചയും  വിശ്രമമില്ലാതെ  ഫോൺ വിളിച്ചും നേരിൽകണ്ടും വോട്ടഭ്യർത്ഥിക്കുകയായിരുന്നു മൂന്നു മുന്നണി സ്ഥാനാർത്ഥികളും.

അവസാന ലാപ്പിൽ ശക്തമായ മത്സരമാണ് ഇടതു മുന്നണി കാഴ്ചവെക്കുന്നത്. ഇടതിന്റെ മുന്നേറ്റം ആദ്യ ഘട്ടത്തിൽ യു ഡി എഫിന്റെ സാധ്യതകൾ വർധി  പ്പിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. ശങ്കർ റൈ  സ്ഥാനാർത്ഥി യാകുന്നതോടെ കന്നഡ വോട്ടുകളിൽ വിള്ളൽ വരുമെന്നും യുഡിഎഫിന് ഗുണം ചെയ്യുമെന്നും കരുതിയിരുന്നെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ സി പി എം സ്ഥാനാർഥി ബി ജെ പിയെ  പിന്തള്ളി പ്രചാരണത്തിൽ മുന്നിലെത്തിയ പ്രതീതിയാണുള്ളത്. മത്സരം യു ഡി എഫും എൽ ഡി എഫും എന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. എൻഡിഎ ക്കു മാത്രമല്ല യു ഡി എഫ് കേന്ദ്രങ്ങളിലും ഇത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ത്രികോണ മത്സരം ശക്തമായസാഹചര്യത്തിൽ ആരും ജയിക്കാമെന്ന നിലയിലാണ്. അത് പോലെ മൂന്നാം സ്ഥാനം ആർക്കെന്നതും പ്രവചനാതീതം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നില മാനദണ്ഡമാക്കിയാൽ സാധ്യതകൾ ഇങ്ങനെ
യു ഡി എഫ് 
ബിജെപി സ്ഥാനാർത്തിയേക്കാൾ എണ്പത്തിയൊൻപത് വോട്ടുകൾക്ക് ജയിച്ച സാഹചര്യത്തിൽ മികച്ച വിജയ സാധ്യത ഇത്തവണയുണ്ട്. പി ബി റസാഖിന്റെ വികസന പ്രവർത്തനങ്ങളും ജനകീയമുഖവും  പരമ്പരാഗത  യുഡിഎഫ് വോട്ടുകൾ നിലനിർത്തുന്നതിനും സഹായിക്കും.ബിജെപി പ്രചാരണത്തിൽ പിന്നോക്കം പോയെന്നാണ്‌ ലീഗ് പ്രാദേശിക  നേതൃത്വം വിലയിരുത്തുന്നത്. കൂടാതെ ബിജെപി പ്രാദേശിക നേതാക്കൾ സ്ഥാനാർഥി നിർണയത്തിനെതിരെ പ്രകടിപ്പിച്ച വികാരവും    ഇടതുസ്ഥാനാര്ഥിയുടെ ഭാഷാന്യൂനപക്ഷ മുഖവും കൂടിച്ചേരുമ്പോൾ കഴിഞ്ഞ അസംബ്ലി  തെരെഞ്ഞെടുപ്പിൽ ബി ജെ പി നേടിയതിൽ  നല്ലൊരു ഭാഗം  വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർഥിക്കു പോകും. ഇത് ബിജെപിയും ലീഗും തമ്മിലുള്ള വോട്ടു വ്യത്യാസം വര്ധിപ്പിക്കുമെന്നതിനാൽ മികച്ച ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയിക്കാം. കഴിഞ്ഞ തവണ പി ബി അബ്ദുൽ റസാഖിന്  എപി  വിഭാഗം സുന്നികളിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഖമറുദ്ദീൻ എ പി സുന്നികൾക്ക് അനഭിമതനല്ല എന്നതും യു ഡി എഫ് പ്രതീക്ഷ വർദ്ധിപ്പിക്കുണ്ട്.
എസ്ഡിപിഐയുടെയും വോട്ടുകൾ ഒപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.വെൽഫെയർ പാർട്ടി യു.ഡി.എഫിനെ വിജയിപ്പിക്കാൻ കുടുംബ യോഗങ്ങളും, ഗൃഹ സന്ദർശനവുമായി നേരത്തെ തന്നെ മണ്ഡലത്തിൽ  സജീവമാണ്.
 
എൽ ഡി എഫ് 
അട്ടിമറി വിജയം എൽ ഡി എഫിന് സാധ്യമാകാനുള്ള സാഹചര്യം മണ്ഡലത്തിൽ സജീവമാണെന്നതാണ് യാഥാർഥ്യം. യു ഡി എഫ് രണ്ടാം സ്ഥാനം ബിജെപിക്കാണെന്നു പറയുമ്പോഴും ഇടതുമുന്നണിയാണ് തങ്ങൾക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കുന്നതെന്ന് രഹസ്യമായി വിലയിരുത്തുന്നുണ്ട്.
പതിനാലായിരത്തിനടുത്ത് വോട്ടുകളാണ് ബിജെപി ലീഗ് സ്ഥാനാര്ഥികളെക്കാൾ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് കുറഞ്ഞത്. സി എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്ത് ആകുമെന്ന വ്യാപക പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതാണ് കഴിഞ്ഞ തവണത്തെ തോൽവിയിലേക്ക് നയിച്ചത്.എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ഒരുവേള യു ഡി എഫിനേക്കാളും മുന്നേറാൻ ഇടതുപക്ഷത്തിനായി. അതുകൊണ്ടുതന്നെ വോട്ടെടുപ്പിന്റെ  അവസാന മണിക്കൂർ  വരെ  മത്സര രംഗത്ത് തുടരാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് 
ഭാഷ ന്യൂനപക്ഷമെന്ന പ്രത്യേകത, മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന പരിഗണന , ആരോപണങ്ങളിൽ നിന്നും മുക്തമായ  പ്രതിച്ഛായ , മണ്ഡലത്തിൽ ഹിന്ദു വിഭാഗത്തിൽ വ്യാപകമായുള്ള  കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും. ഈ  ഘടകങ്ങളെല്ലാം ചേർന്ന്   നല്ലൊരു വിഹിതം   വോട്ടുകൾ   ബിജെപിയിൽ നിന്നും എൽ ഡി എഫിലെത്തിയേക്കും. അത് പോലെ ജാതി വോട്ടുകളും ഗുണകരമാകും. പരമ്പരാഗതമായി കോൺഗ്രസ്  അനുകൂലികളായ വലിയൊരു വിഭാഗം റൈ , ഷെട്ടി, വിഭാഗങ്ങളിൽ നിന്നും പിന്തുണ ശങ്കർ റായിക്കു കിട്ടും. മഞ്ചേശ്വരത്ത് ചർച്ചിന് നേരെയുണ്ടായ ആക്രമണവും തുടർന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും ചർച്ച് ഭാരവാഹികളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും സ്ഥിരമായി യു ഡി എഫിനെ തുണച്ചിരുന്ന  ക്രിസ്ത്യൻ വോട്ടുകൾ ഇടതിന് ലഭിച്ചേക്കാനും  സാധ്യതയുണ്ട്.അതിനാൽ തന്നെ മംഗൽപാടി,കുമ്പള പഞ്ചായത്തുകളിൽ  യു ഡി ഫിന്നും ബി ജെ പി ക്കും പിന്നിലായാൽ തന്നെയും മഞ്ചേശ്വരം,മീഞ്ച,വോർക്കാടി,പൈവളികെ,പുതുക്ക,എൻമകജെ പഞ്ചായത്തുകളിൽഇപ്പോൾ കാണുന്ന ആവേശം വോട്ടാകുകയാണെങ്കിൽ  ശങ്കർ റായ് അട്ടിമറി സൃഷ്ടിച്ചേക്കാം 

ബി ജെ പി 
വലിയ പ്രതീക്ഷയുമായെത്തിയ ബി ജെ പി അവസാന ലാപ്പിൽ പിന്നിലായി. ആർ എസ എസ്  നേതൃത്വം നൽകുന്ന ഗൃഹ സന്ദർശന പരിപാടി എത്രത്തോളം വിജയകരമാകുന്നു എന്നതിനെ ആശ്രയിച്ചു മാത്രമാണ് നിലവിൽ ബി ജെ പിയുടെ സാധ്യത. സംസ്ഥാന നേതൃത്വം ഒന്നടങ്കം കോന്നിയിലും വട്ടിയൂർക്കാവിലെ തമ്പടിച്ചത് മഞ്ചേശ്വരത്ത് പാർട്ടിയുടെ സാധ്യത കുറഞ്ഞതിലാണെന്നു കരുതുന്നവരുമുണ്ട്. കെ സുരേന്ദ്രൻ  കഴിഞ്ഞ രണ്ടു ടെർമുകളിലായി ഉണ്ടാക്കിയ വ്യക്തിപരമായ വോട്ടുകൾ തന്ത്രിക്കു നിലനിർത്താനായില്ലെങ്കിൽ പാർട്ടിക്ക് വലിയ ക്ഷീണമായിരിക്കും മഞ്ചേശ്വരത്തുണ്ടാക്കുക.പക്ഷെ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കുറഞ്ഞ എൺപത്തൊന്പതു  വോട്ടുകൾ ശബരിമല വിഷയമൊന്നു കൊണ്ടുതന്നെ മറികടക്കാമെന്നായിരുന്നു അവസ്ഥ. കൂടാതെ കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയും സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും കൂടിയായാൽ എൻ ഡി  എ ക്ക് വിജയസാധ്യതയുണ്ട്. 
മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഫലം നപ്രവചനാതീതം. ബി ജെ  പി ക്കു കുറയുന്ന വോട്ടുകൾ നേരിട്ട് ഇടതിനാണ് ഉപകാരപ്പെടുന്നതെങ്കിൽ മണ്ഡലത്തിൽ നിന്ന്  ആരും പ്രവചിക്കാത്ത തരത്തിലുള്ള  ഫലം  പ്രതീക്ഷിക്കാം 

No comments