JHL

JHL

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കൂറ്റൻ പാറക്കൂട്ടം ഇളകിവീണു; താഴ്‌വാരം ഭീതിയിൽ

രാജപുരം(True News 28 October  2019): റാണിപുരത്തെ വനമേഖലയിൽ കനത്തമഴയിൽ കൂറ്റൻ പാറക്കൂട്ടം ഒരുകിലോമീറ്ററോളം താഴോട്ടുരുണ്ടു. വനത്തോടു ചേർന്ന കവുങ്ങിൻതോട്ടത്തിൽ തങ്ങിനിൽക്കുകയാണ് ഒരു പാറ. ഇനിയും ഇത്തരം പാറകൾ ഇളകിവരാൻ സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നൂറോളം കുടുംബങ്ങൾ ഇവിടെ താമസമുണ്ട്.

ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെ ചെറിയ മഴ പെയ്യുന്നതിനിടെ വൻ ശബ്ദത്തോടെ പാറക്കൂട്ടം താഴേക്ക് വീഴുകയായിരുന്നു. പത്തരയോടെ വീണ്ടും ശബ്ദംകേട്ടു. ഇതോടെ പരിസരവാസികൾ ഇറങ്ങിയോടി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവർ രാജപുരം പോലീസിൽ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയെങ്കിലും മഴയും ചെളിയുമായതിനാൽ കാര്യമായ പരിശോധനയ്ക്ക് നിൽക്കാതെ മടങ്ങി. വനംവകുപ്പധികൃതരും റാണിപുരം വനസംരക്ഷണസമിതി പ്രവർത്തകരും നാട്ടുകാരുമെത്തി നടത്തിയ പരിശോധനയിലാണ് പാറക്കൂട്ടം ഇളകിവീണതാണെന്ന് വ്യക്തമായത്. പുത്തൻപുരയിൽ ജോസ് ജോസഫിന്റെ കവുങ്ങിൻതോട്ടത്തിൽ കൂറ്റൻപാറ തങ്ങിനിൽക്കുന്നതായും കണ്ടെത്തി. വഴിയിൽ ചെറിയ പാറകളുമുണ്ടായിരുന്നു.

റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ താഴെ ഭാഗത്തുള്ള വനാന്തരത്തിലെ പാറയാണിത്. സഞ്ചാരികളെത്തുന്ന മേൽഭാഗത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പാറ ഇളകാൻ ഇടയാക്കുന്നതായി നാട്ടുകാർ പറയുന്നു. പനത്തടിയിൽനിന്നും പാണത്തൂരിൽനിന്നും ടൂറിസ്റ്റ്‌ കേന്ദ്രത്തിലേക്കു പോകുന്ന റോഡുകളുടെ മധ്യഭാഗത്തുള്ള വനത്തിലാണ് സംഭവം നടന്നത്. തത്‌കാലം വിനോദസഞ്ചാരത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മാപ്പിളച്ചേരി മേഖലയിലുള്ള കുടുംബങ്ങളാണ് അപകടഭീതിയിലായത്. കനത്തമഴയിൽ പാറയിടുക്കുകളിലേക്ക് വെള്ളമിറങ്ങിയതും പാറക്കൂട്ടത്തിനടിയിൽനിന്ന് ഉറവപൊട്ടി മണ്ണൊലിച്ചുപോയതുമാകാം ഇതിനു കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. താഴ്‌വാരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർഥിച്ചു. റവന്യു അധികൃതരും സ്ഥലത്തെത്തി.

No comments